അഹമ്മദാബാദ് - അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ ഇന്ന് ഗുജറാത്ത് ഹൈക്കോടതി അന്തിമ വാദം കേള്‍ക്കും. ഇന്ന് തന്നെ വിധി പറയാനുള്ള സാധ്യതയും ഉണ്ട്. രാഹൂലിന്റെ അഭിഭാഷകന്‍ അഭിഷേക് സിംഗ്‌വിയുെട വിശദമായ വാദം കേട്ട കോടതി ഇന്ന് എതിര്‍ ഭാഗത്തിന് മറുപടി പറയാന്‍ സമയം അനുവദിച്ചിരിക്കുകയാണ്. അത് കഴിഞ്ഞാല്‍ വിധി പറയും. ജസ്റ്റിസ് ഹേമന്ദ് പ്രചക് ആണ് വാദം കേള്‍ക്കുന്നത്. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നല്‍കുന്നതില്‍ കടുംപിടുത്തം പാടില്ലെന്നുമാണ് രാഹുലിനായി ഹാജരായ മനു അഭിഷേക് സിംഗ്‌വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ രാഹുലും തന്റെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഡി സമുദായത്തെ അപമാനിച്ചുവെന്ന കേസിലാണ് രാഹുലിനെ മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചിരുന്നത്. ഇതേ തുടര്‍ന്ന് രാഹുലിനെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.