94 മിനിറ്റില്‍ 323 കിലോമീറ്റര്‍ താണ്ടിയെത്തിയ ഹൃദയം നാല് വയസുകാരിയുടെ ശരീരത്തില്‍ മിടിച്ച് തുടങ്ങി. മുബൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ വിജയകരമാണെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി. വാഹാനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 13 വയസുകാരന്റെ ഹൃദയമാണ് ജല്‍ന സ്വദേശിയായ നാല് വയസുകാരിയില്‍ തുന്നിച്ചേര്‍ത്തത്. ഔറംഗാബാദിലെ എംജിഎം ആശുപത്രിയില്‍ നിന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.50 നാണ് മിടിക്കുന്ന ഹൃദയവുമായി മെഡിക്കല്‍സംഘം യാത്രതിരിച്ചത്. 4.8 കിലോമീറ്റര്‍ 4 മിനിറ്റിനുള്ളില്‍ റോഡ് മാര്‍ഗം സഞ്ചരിച്ച് എയര്‍പോര്‍ട്ടില്‍ എത്തി. അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ 3.05ന് മുംബൈ എയര്‍പോര്‍ട്ടില്‍ എത്തി. തുടര്‍ന്ന് റോഡ് മാര്‍ഗം 3.24ന് ഹൃദയവുമായി മെഡിക്കല്‍സംഘം ഫോര്‍ട്ടിസ് ആശുപത്രിയില്‍ . 19 മിനിറ്റുകൊണ്ടാണ് 18 കിലോമീറ്റര്‍ സഞ്ചരിച്ച് ഹൃദയവുമായി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയക്ക് സജ്ജമായിരുന്ന ഡോക്ടര്‍മാരുടെ സംഘത്തിന് ഹൃദയം കൈമാറി. 323.5 കിലോമീറ്ററാണ് ഒരു മണിക്കൂര്‍ 34 മിനിറ്റിനുള്ളില്‍ മെഡിക്കല്‍ സംഘം താണ്ടിയത്. ഫോര്‍ട്ടിസ് ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം പെണ്‍കുട്ടി നിരീക്ഷണത്തിലാണ്,