ഇടുക്കി-കാട്ടാന സംഘത്തിന്റെ നേതാവ് അരിക്കൊമ്പനെ കാടുകടത്തിയതോടെ നേതൃസ്ഥാനം ചക്കക്കൊമ്പന് ഏറ്റെടുത്തു. ചക്കക്കൊമ്പനും സംഘവും മേഖലയില്‍ വിളയാടി. വിലക്ക് മോണ്ട് ഫോര്‍ട്ട് സ്കൂളിനു സമീപത്തുളള രാജന്റെ ഷെഡ് തകര്‍ത്തു. വ്യാപകമായി കൃഷിയും നശിപ്പിച്ചു. അരിക്കൊമ്പനെ കൊണ്ടു പോയപ്പോള്‍ മുതല്‍ വിലക്കിനു സമീപമുള്ള ചോലക്കാട്ടില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം.
ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ വീടുകളെല്ലാം തകര്‍ക്കുന്നത് അരിക്കൊമ്പനാണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അരിക്കൊമ്പനെ കൊണ്ടു പോയതിന്റെ അടുത്ത ദിവസം തന്നെ ചക്കക്കൊമ്പനിറങ്ങി വീടുതകര്‍ത്തത് ആളുകളെ ആശങ്കയിലാക്കി. തകരം കൊണ്ടു പണിത ഷെഡില്‍ ആക്രമണ സമയത്ത് ആരുമുണ്ടായിരുന്നില്ല. പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തിയ കാട്ടാനക്കൂട്ടം ഷെഡ് നിലം പരിശാക്കി. ചക്കക്കൊമ്പനൊപ്പം രണ്ടു പിടിയാനകളും രണ്ട് കുട്ടിയാനകളുമുണ്ടായിരുന്നു.സമീപവാസികളുടെ കൃഷിയും നശിപ്പിച്ച ശേഷമാണ് കാട്ടാനക്കൂട്ടം പിന്‍വാങ്ങിയത്. മദപ്പാടിലായതിനാല്‍ കൂടുതല്‍ സമയവും കൂട്ടത്തിനൊപ്പമാണ് ചക്കക്കൊമ്പന്.
ഇതിനിടെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ട അരിക്കൊമ്പന് പൂര്‍ണ ആരോഗ്യവാനായി വനത്തില്‍ ചുറ്റിത്തിരിയുകയാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. തുറന്നു വിട്ട സ്ഥലത്തു നിന്നും തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയിലേക്കാണ് നീങ്ങുന്നത്. ജി.പി.എസ് കോളറില്‍ നിന്നും സിഗ്നല്‍ കൃത്യമായി ലഭിക്കുന്നുണ്ട്. നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ചക്കക്കൊമ്പനെ കൂടാതെ ചില്ലിക്കൊമ്പന്, പടയപ്പ, മുറിവാലന് എന്നീ കാട്ടാനകളും മേഖലയില്‍ വിലസുന്നുണ്ട്. മൂന്നാര്‍ ടൗണിലിറങ്ങുന്ന പടയപ്പ ബസുകളുടെ ചില്ലും മറ്റും തകര്‍ക്കാറുണ്ട്.