കൊച്ചി-മിസ് ട്രാൻസ്‌ക്യൂൻ ഇന്ത്യ 2023 സൗന്ദര്യമത്സരത്തിന്റെ അഞ്ചാം എഡിഷനിൽ മിസ് പ്രൈഡ് ടൈറ്റിൽ ജേതാവായി എറണാകുളത്തു നിന്നുള്ള തീർഥ സാർവിക. ദൽഹിയിൽ നടന്ന മത്സരത്തിൽ വിവിധ സം സ്ഥാനങ്ങളിൽനിന്നായി 11 പേർ മാറ്റുരച്ച മത്സരത്തിലാണ് കേരളത്തെ പ്രതിനിധാനം ചെയ്ത തീർഥ നേട്ടം കൊയ്തത്. ഓട്ടോറിക്ഷാ ഡ്രൈവറും സി പി എം ഉദയംപേരൂർ ലോക്കൽ കമ്മിറ്റി അംഗവുമായ തെക്കൻ പറവൂർ ഈച്ചരംപറമ്പിൽ ഇ ജി പുഷ്പന്റെയും മൈഥിലിയുടെയും മകളാണ് തീർഥ.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള തീർഥ 2019ൽ ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ചുരുങ്ങിയ സമയത്തിനുള്ളിലാണ് പ്രതിസന്ധികളെ മറികടന്ന് നേട്ടത്തിന്റെ പടവുകൾ കയറിയത്. മംഗലാപൂരത്ത് ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന തീർഥ ജോലിയുടെ ഇടവേളകളിലും അവധിയെടുത്തുമാണ് മത്സരങ്ങൾക്ക് ഒരുങ്ങുന്നത്. 2022ലെ മലയാളിമങ്ക ടൈറ്റിൽ വിന്നറായിരുന്നു. കേരളത്തിലെ ട്രാൻസ് വിഭാഗങ്ങൾക്കുവേണ്ടി നടത്തിയ ഫാഷൻ മത്സരത്തിലും വിജയിയായി.
ലിംഗവിവേചനത്തേക്കാൾ കൂടുതൽ നിറംമൂലമുള്ള വിവേചനമാണ് അനുഭവിച്ചതെന്നും പിന്തുണയുമായി കുടുംബം ഒപ്പമുണ്ടായത് ആത്മവിശ്വാസം പകർന്നെന്നും തീർഥ പറഞ്ഞു. മകളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് മാതാപിതാക്കളും സഹോദരനും പറഞ്ഞു.