Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം; ഇന്ത്യയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് യു.എസ് കമ്മീഷന്‍ വീണ്ടും

വാഷിംഗ്ടണ്‍- മതസ്വാതന്ത്ര്യം തടയുന്ന ഇന്ത്യയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആഹ്വാനം ആവര്‍ത്തിച്ച് യു.എസ് സര്‍ക്കാര്‍ കമ്മീഷന്‍ വീണ്ടും. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കീഴില്‍ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കമ്മീഷന്റെ ശുപാര്‍ശ കണക്കിലെടുത്ത് യു.എസ് വിദേശകാര്യ വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് കരുതുന്നില്ല. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം മുന്‍നിര്‍ത്തിയാണ് യു.എസ് കമ്മീഷന്റെ ശുപാര്‍ശ അവഗണിക്കപ്പെടുമെന്ന വിലയിരുത്തല്‍.
മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠയുള്ള രാജ്യങ്ങളുടെ പട്ടിക ഓരോ വര്‍ഷവും യു.എസ് വിദേശകാര്യ വകുപ്പ് തയാറാക്കാറുണ്ട്. ആശങ്കകള്‍ പരിഹരിച്ച് നില മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്.
ഇന്ത്യയില്‍ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള അക്രമവും സ്വത്ത് നശീകരണവും ചൂണ്ടിക്കാട്ടിയ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ബിജെപി അംഗങ്ങളുടെ വിദ്വേഷ പ്രസംഗങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും എടുത്തു പറയുന്നു.
ആള്‍ക്കൂട്ടങ്ങളുടെയും വിജിലന്റ് ഗ്രൂപ്പുകളുടെയും വ്യാപകമായ ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കുമിടയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ശിക്ഷിക്കപ്പെടാത്ത സംസ്‌കാരം തന്നെ രൂപപ്പെട്ടിരിക്കുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കമ്മീഷന്‍ ഇന്ത്യക്കെതിരെ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് പക്ഷപാതപരമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കാറുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News