അബഹ - അസീർ പ്രവിശ്യയിലെ ബീശക്ക് പടിഞ്ഞാറ് വാദി ഹൗറാനിൽ കാർ മലവെള്ളപ്പാച്ചിലിൽ പെട്ടു. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൗദി പൗരന്റെ കാർ ശക്തമായ ഒഴുക്കിൽ പെട്ടത്. രണ്ടു പർവതങ്ങൾക്കിടയിലെ താഴ്‌വരയിലൂടെ കാർ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
അസീർ പ്രവിശ്യയിൽ പെട്ട മഹായിലിൽ ശക്തമായ മലവെള്ളപ്പാച്ചിലുകളിൽ നിരവധി റോഡുകൾ തകരുകയും വാഹനങ്ങൾ ഒഴുകിപ്പോവുകയും ചെയ്തു. പലയിടത്തും മലയിടിച്ചിലുമുണ്ടായി. വർഷങ്ങൾക്കിടെ മഹായിൽ അസീറിലുണ്ടാകുന്ന ഏറ്റവും കനത്ത മഴയാണ് കഴിഞ്ഞ ദിവസമുണ്ടായത്. മഹായിലിൽ നിരവധി വെയർഹൗസുകളിലും കെട്ടിടങ്ങളിലും വെള്ളം കയറി. അഭയ കേന്ദ്രത്തിലേക്ക് മാറ്റിയവരെ കെട്ടിടത്തിൽ വെള്ളം കയറിയതിനെ തുടർന്ന് പിന്നീട് സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു.
റോഡുകൾ ഗതാഗത യോഗ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രമങ്ങൾ തുടരുകയാണ്. മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായ അബഹ, മഹായിൽ അസീർ റോഡിലെ ഗ്രാമങ്ങളിൽ മഹായിൽ അസീർ ഗവർണർ മുഹമ്മദ് ബിൻ ഫലാഹ് അൽഖർഖാഹ് സന്ദർശനം നടത്തി. ഇവിടെ റോഡുകൾ തകർന്ന് ചില ഗ്രാമങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. റോഡുകൾ വേഗത്തിൽ തുറക്കാനും മഹായിൽ, അബഹ റോഡിലും മറ്റിടങ്ങളിലും മലവെള്ളപ്പാച്ചിലിലും മലയിടിച്ചിലിലും അടിഞ്ഞുകൂടിയ മാലിന്യങ്ങളും കല്ലും മണ്ണും മറ്റും നീക്കം ചെയ്യാനും ഗവർണർ നിർദേശിച്ചു.
മഹായിലിൽ മഴവെള്ളം ഒഴുകിപ്പോകുന്ന താഴ്‌വരകൾ കൈയേറി അനധികൃതമായി നിർമിച്ച നിരവധി കെട്ടിടങ്ങളും വെയർഹൗസുകളും വെള്ളത്തിലായി. ഉന്നതാധികൃതരുടെ നിർദേശങ്ങൾ ലംഘിച്ച് താഴ്‌വരകളിൽ കെട്ടിട നിർമാണത്തിന് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥർക്കും കെട്ടിടങ്ങൾ നിർമിച്ച നിക്ഷേപകർക്കുമെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്.
شاهد.. فيديو متداول لسيارة تجرفها السيول في وادي #حوران غرب #بيشة #السعودية pic.twitter.com/go01lm8YwY
— العربية السعودية (@AlArabiya_KSA) April 30, 2023