ന്യൂദൽഹി- പ്രമുഖരായ രണ്ടു മുതിർന്ന അഭിഭാഷകരെ അലഹാബാദ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ വീണ്ടും മടക്കി. മുൻ സുപ്രീം കോടതി ജഡ്ജിയുടെ മകൻ മുഹമ്മദ് മൻസൂർ, ബശാറത്ത് അലി ഖാൻ എന്നീ മുതിർന്ന ഹൈക്കോടതി അഭിഭാഷകരുടെ പേരാണ് കേന്ദ്രം തിരിച്ചയച്ചത്. ഇവർക്കെതിരെ പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തേയും ഈ ഫയൽ കേന്ദ്രം മടക്കി അയച്ചിരുന്നു. എന്നാൽ കൊളീജിയം ശുപാർശയിൽ ഉറച്ചു നിൽക്കുകയും ഇവർക്കെതിരായ പരാതികൾ നിസ്സാരമാണെന്നും വ്യക്തമാക്കി കൊളീജിയം വീണ്ടും ഇതേ പേരുകൾ തന്നെ ശുപാർശ ചെയ്യുകയായിരുന്നു. കൊളീജിയം ശുപാർശയിൽ രണ്ടര വർഷക്കാലം ഒരു നടപടിയും സ്വീകരിക്കാതിരുന്ന കേന്ദ്രം കഴിഞ്ഞ മാസമാണ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് മടക്കിയത്.
സുപ്രീം കോടതി കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് ജെ ചെലമേശ്വർ കഴിഞ്ഞ ദിവസം വിരമിച്ചതോടെ കൊളീജിയം ഇനി പുനസ്സംഘടിപ്പിച്ച ശേഷമേ ഇതു പരിഗണിക്കൂ. പുതിയ ഒരു അംഗം കൂടി ഉൾപ്പെട്ട കൊളീജിയമായിരിക്കും ഇനി ഈ രണ്ടു അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മുഹമ്മദ് മൻസൂറും ബശാറത്ത് അലി ഖാനും സീനിയർ സ്റ്റാൻഡിങ് കോൺസൽമാരായി അലഹബാദ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നവരാണ്.
ജമ്മു കശ്മീർ ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ ശുപാർശ ചെയ്യപ്പെട്ട അഡ്വ. നസീർ അഹമ്മദ് ബേഗിന്റെ പേരും കേന്ദ്ര സർക്കാർ കൊളീജിയത്തിനു തന്നെ മടക്കി അയച്ചിട്ടുണ്ട്. ബേഗിന്റെ പേര് എന്തുകൊണ്ട് തിരിച്ചയക്കപ്പെട്ടു എന്നതു സംബന്ധിച്ച് വ്യക്തതയില്ല. വാസിം സാദിഖ് നർഗൽ, സിന്ധു ശർമ, ജില്ലാ ജഡ്ജി റാശിദ് അലി ദർ എന്നിവരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച ഫയലും നിയമ മന്ത്രാലയത്തിന്റെ പരിഗണനയിൽ നടപടി പൂർത്തിയാകാതെ കെട്ടിക്കിടക്കുകയാണ്.