Sorry, you need to enable JavaScript to visit this website.

500 രൂപയുണ്ടെങ്കില്‍  ആലപ്പുഴയില്‍ ബോട്ട് ഓടിക്കാം 

ആലപ്പുഴ-ജലഗതാഗത വകുപ്പിന്റെ അമ്പത് ശതമാനം ബോട്ടുകള്‍ സോളാറിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജില്ലയ്ക്കുള്ള ആദ്യ ബോട്ട് പത്ത് മാസത്തിനകം സര്‍വ്വീസ് ആരംഭിക്കും.  30 സീറ്റുകളുള്ള, പ്രതിദിനം 12 മണിക്കൂറോളം സര്‍വ്വീസ് നടത്താന്‍ ശേഷിയുള്ള സോളാര്‍ ബോട്ടുകള്‍ നിര്‍മ്മാണഘട്ടത്തിലാണ്. മുഹമ്മ - മണിയാപറമ്പ് റൂട്ടിലാവും ആദ്യ സര്‍വീസ്.
തൊട്ടുപിന്നാലെ 75, 100 സീറ്റുകളുടെ ബോട്ടുകളും ആലപ്പുഴയിലെത്തും. ഡീസല്‍ ബോട്ടിന് പ്രതിദിനം 12000 രൂപയോളം ചെലവാകുന്ന സ്ഥാനത്ത് സോളാര്‍ ബോട്ടുകള്‍ 500 രൂപയില്‍ താഴെ ചെലവില്‍ ഓടിക്കാനാകുമെന്നതാണ് നേട്ടം. മഴക്കാലത്ത് സൂര്യപ്രകാശം ലഭിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഉപയോഗിക്കാന്‍ 80 കിലോവാട്ട് ശേഷിയുള്ള രണ്ട് ബാറ്ററികളും 30 സീറ്റിന്റെ ബോട്ടിലുണ്ടാവും. 75 സീറ്റിലേക്കെത്തുമ്പോള്‍ ബാറ്ററി ശേഷി 160 കിലോവാട്ടായി വര്‍ദ്ധിപ്പിക്കും.
പാണാവള്ളി സെഞ്ച്വറി യാര്‍ഡിലാണ് സോളാര്‍ ബോട്ട് നിര്‍മ്മാണം. പ്ലാറ്റ് ഫോം പൂര്‍ത്തീകരിച്ചു. ബാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്കിലാണ് ബോഡി . കളമശ്ശേരി നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട് പ്രൈവറ്റ് ലിമിറ്റഡാണ് ബോട്ടിന്റെ രൂപകല്‍പ്പന നിര്‍വഹിക്കുന്നത്. ബോട്ട് സര്‍വീസുകളും മറ്റ് ഗതാഗത മാര്‍ഗങ്ങളും കുറവുള്ള റൂട്ടുകളിലാവും ആദ്യം സോളാര്‍ ബോട്ടുകളിറക്കുക. 
 

Latest News