ലഖ്‌നൗ- കൈവിലങ്ങുമായി പ്രതി മദ്യഷോപ്പില്‍ നിന്ന് മദ്യം വാങ്ങുന്ന ചിത്രം വൈറല്‍. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലാണ് സംഭവം, മദ്യം വാങ്ങാന്‍ പോലീസുകാരന്‍ തടവുകാരനെ സഹായിക്കുന്നതും ചിത്രത്തില്‍ കാണാം. സംഭവം വിവാദമായതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു, തടവുകാരനെ പോലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. രണ്ട് പോലീസുകാരുടെ അകമ്പടിയോടെയാണ് പ്രതിയെ പോലീസ് വാഹനത്തില്‍ കോടതിയിലേക്ക് കൊണ്ടുപോയത്. യാത്രാമദ്ധ്യേ മദ്യശാലയുടെ മുന്നില്‍ നിര്‍ത്തി പ്രതി മദ്യം വാങ്ങാന്‍ പോയി. ഇതിനായി ഒരു പോലീസുകാരന്‍ സഹായിച്ചതായും ആരോപണമുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരനാണ് കാമറയില്‍ പകര്‍ത്തിയത്.
വീഡിയോയും ചിത്രങ്ങളും വൈറലായതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തടവുകാരനെ മദ്യം വാങ്ങാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് എസ്.പി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.