Sorry, you need to enable JavaScript to visit this website.

ഖബറിൽനിന്ന് കോരിയെടുക്കാതിരിക്കാൻ പൂട്ടിയിട്ട ഗ്രില്ലല്ല അത്, പാക്കിസ്ഥാനല്ല, ഇന്ത്യയിൽതന്നെ, നുണ പ്രചാരണം പൊളിഞ്ഞു

ന്യൂദൽഹി- പാക്കിസ്ഥാനിൽ ശവക്കുഴി തോണ്ടിയെടുത്ത് മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിലായി മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങൾ അടക്കം വാർത്ത പ്രചരിപ്പിച്ചിരുന്നു. പാക്കിസ്ഥാനിൽ മൃതദേഹങ്ങൾക്ക് പോലും രക്ഷയില്ലെന്നും മൃതദേഹങ്ങൾ കോരിയെടുക്കാതിരിക്കാൻ ആളുകൾ ശവക്കുഴിക്ക് മുകളിൽ പൂട്ടിടുന്നുവെന്നും പ്രചരിപ്പിച്ചാണ് വാർത്ത നൽകിയത്. ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളും ഈ വാർത്ത നൽകിയിരുന്നു. മാധ്യമങ്ങൾക്ക് പുറമെ നിരവധി ന്യൂസ് ഏജൻസികളും ഈ വാർത്ത നൽകിയിരുന്നു. എന്നാൽ പ്രമുഖ ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈറിന്റെ ആൾട്ട് ന്യൂസ് ഈ സംഭവത്തിന്റെ നിജസ്ഥിതി ഇപ്പോൾ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഇന്ത്യയിലെ ഹൈദരാബാദിൽനിന്നുള്ളതാണ് ഖബറിന് മുകളിൽ വാതിലിട്ട് പൂട്ടിയിട്ട സംഭവം നടക്കുന്നത്. ഒരു ഖബറിനുള്ളിൽ അനുമതിയില്ലാതെ വീണ്ടും പുതിയ മൃതദേഹം മറവുചെയ്യാൻ ആളുകൾ ശ്രമിക്കുന്നത് തടയുന്നതിന് വേണ്ടി ഇവിടെ അതാത് കുടുംബങ്ങൾ തന്നെ ഖബറിന് മുകളിൽ ഇരുമ്പ് ഗ്രില്ലിട്ട് താക്കോൽ ഉപയോഗിച്ച് അപൂർവ്വമായെങ്കിലും പൂട്ടാറുണ്ട്. ഇതിന് പുറമെ, ഖബറിന് മുകളിൽ നേരിട്ട് ചവിട്ടാതിരിക്കാനും ഇത്തരത്തിൽ ഗ്രിൽ ഉപയോഗിക്കും. ഖബറിന് സമീപം ഇരുന്ന് ഖുർആൻ ഓതുന്നതിനും ഗ്രിൽ സൗകര്യമാകാറുണ്ട്.  ഈ ചിത്രം പാക്കിസ്ഥാനിൽ മൃതദേഹം പോലും കോരിയെടുത്ത് ബലാത്സംഗം ചെയ്യുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ഹൈദരാബാദിലെ മദന്നപേട്ടിലെ ദാരാബ് ജംഗ് കോളനിയിലെ മസ്ജിദ് ഇ സലാർ മുൽക്കിന് എതിർവശത്താണ്  ഈ ഖബർസ്ഥാൻ സ്ഥിതി ചെയ്യുന്നത്. 

ഹൈദരാബാദ് നിവാസിയായ അബ്ദുൾ ജലീൽ എന്ന സാമൂഹിക പ്രവർത്തകനെ ഈ സ്ഥലത്തേക്ക് ആൾട്ട് ന്യൂസ് പറഞ്ഞയച്ചു. അദ്ദേഹം ഇവിടെ നിന്നുള്ള ചിത്രങ്ങൾ എടുക്കുകയും ചെയ്തു. മാധ്യമങ്ങൾ പ്രചരിപ്പിച്ച അതേ സ്ഥലമാണിതെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകുകയും ചെയ്യും. പച്ച പൂട്ടിയ ഗേറ്റിന് പുറമേ, ശവകുടീരവും ശവക്കുഴിയുടെ സ്ഥാനവും ഒന്നുതന്നെയാണ്.


ജലീൽ മസ്ജിദ് ഇ സലാർ മുഅ്‌സിൻ മുക്താർ സാഹബുമായി ആൾട്ട് ന്യൂസ് സംസാരിച്ചു. ഏകദേശം 1.5 മുതൽ 2 വർഷം വരെ പഴക്കമുള്ള പൂട്ടിയിട്ട ശവകുടീരം ബന്ധപ്പെട്ട കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് നിർമ്മിച്ചതെന്ന് മുക്താർ സാഹബ് പറഞ്ഞു. പ്രവേശന കവാടത്തിന് തൊട്ടടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് പള്ളിയിലേക്കുള്ള പാതയെ തടയുകയും ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള ചർച്ചയിലാണ് പള്ളിക്കമ്മിറ്റിക്കാരും. 
ധാരാളം ആളുകൾ ഇവിടെ വന്ന് അനുമതിയില്ലാതെ പഴയ കുഴിമാടങ്ങൾക്ക് മുകളിൽ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നു. മറ്റുള്ളവർ മൃതദേഹം സംസ്‌കരിക്കുന്നത് തടയാൻ കുടുംബങ്ങൾ അവിടെ ഗ്രിൽ സ്ഥാപിക്കുകയായിരുന്നു. ഖബറിന്റെ തൊട്ടുമുകളിലൂടെയാണ് പാത എന്നതിനാൽ ഖബറിൽ ആളുകൾ ചവിട്ടുന്നത് ഒഴിവാക്കാനാണ് ഗ്രിൽ സ്ഥാപിച്ചത്. 

ആൾട്ട് ന്യൂസ് പള്ളിക്ക് സമീപമുള്ള ഒരു പ്രദേശവാസിയുമായും സംസാരിച്ചു. എഴുപതാം വയസിൽ അന്തരിച്ച ഒരു വയോധികയുടേതാണ് ശവക്കുഴിയെന്ന് അദ്ദേഹം അറിയിച്ചു. അവളെ അടക്കം ചെയ്ത് 40 ദിവസങ്ങൾക്ക് ശേഷം അവളുടെ മകൻ കുഴിമാടത്തിന് മുകളിൽ ഗ്രിൽ നിർമ്മിച്ചത്. ഈ ചിത്രമാണ് പാക്കിസ്ഥാനിൽ മൃതദേഹങ്ങൾക്ക് രക്ഷയില്ല എന്നാക്കി മലയാളത്തിലടക്കം മാധ്യമങ്ങൾ വാർത്ത നിരത്തിയത്.
 

Latest News