തിരുവനന്തപുരം- കേരള സ്റ്റോറി എന്ന പേരിൽ സംഘ്പരിവാർ പുറത്തിറക്കുന്ന സിനിമയിലേത് പോലെ കേരളത്തിൽനിന്ന് മുസ്ലിം യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക് സ്‌റ്റേറ്റിൽ അംഗങ്ങളാക്കിയ സ്ത്രീകളുടെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ ഓഫർ ചെയ്യുന്നുവെന്ന് അമേരിക്കൻ പ്രവാസി നാസർ ഹുസൈൻ കിഴക്കേതിൽ. സിനിമയുടെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത് പോലെ 32,000 സ്ത്രീകളുടെ പേര് വിവരം ആവശ്യമില്ലെന്നും പത്തു പേരുടെ വിശദാംശം നൽകിയാൽ തന്നെ പത്തു ലക്ഷം രൂപ നൽകാമെന്നും നാസർ ഹുസൈൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ഫെയ്‌സ്ബുക്കിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
പാലക്കാട് സ്വദേശികളായ, ഇസ്ലാമിലേക്ക് മതം മാറിയ, ബെക്‌സൻ വിൻസെന്റ്, ബെസ്‌റ്റെൻ വിൻസെന്റ് എന്നീ സഹോദരങ്ങൾ വിവാഹം ചെയ്ത മെറിൻ , നിമിഷ, സോണിയ സെബാസ്റ്റിയൻ എന്നിവരാണ് ഇതുവരെ മുസ്ലിം സമുദായത്തിൽ നിന്നല്ലാതെ ഐസിസിൽ ചേർന്നതായി വർത്തയുള്ളത്. ഹൈക്കോടതി പോലും തള്ളിക്കളഞ്ഞ ലവ് ജിഹാദ് കേസിനെ കുറിച്ച് ഒരു തെളിവുമില്ലാതെ ഒരു സമുദായത്തെയും ഒരു സംസ്ഥാനത്തെയും പ്രതിസ്ഥാനത്ത് നിർത്തുന്നത് എല്ലാവരും അവസാനിപ്പിക്കണമെന്നും നാസർ ഹുസൈൻ ആവശ്യപ്പെട്ടു.