കോഴിക്കോട്- അന്തരിച്ച സിനിമാ നടൻ മാമുക്കോയയുടെ നടുവട്ടത്തെ വസതിയിലേക്ക് പ്രമുഖരുടെ പ്രവാഹം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ, സുരേഷ് ഗോപി, ജോയ് മാത്യു തുടങ്ങിയവരെത്തി. രാവിലെ പത്തരയോടെയാണ് മുഖ്യമന്ത്രി എത്തിയത്. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികൾക്കായി എത്തിയ മുഖ്യമന്ത്രി ആദ്യമെത്തിയത് മാമുക്കോയയുടെ വീട്ടിലാണ്. മന്ത്രി എ.കെ. ശശീന്ദ്രൻ, മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പമെത്തിയ മുഖ്യമന്ത്രി പത്ത് മിനുട്ട് കഴിഞ്ഞാണ് ഇറങ്ങിയത്.
സുരേഷ് ഗോപി ബി.ജെ.പി. നേതാക്കൾക്കൊപ്പമാണ് എത്തിയത്. ജോയ് മാത്യുവും ഇതേ സമയത്ത് എത്തി. കുടുംബാംഗങ്ങളുമായി ഏറെ സമയം ചെലവിട്ടാണ് ഇരുവരും പോയത്. പ്രായവ്യത്യാസമില്ലാത്ത സൗഹൃദം സൂക്ഷിച്ച അതുല്യ കലാകാരനാണ് മാമുക്കോയയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഏഴെട്ട് മാസം മുമ്പ് കോവിഡ് പിടികൂടിയ സമയത്ത് ഫോണിൽ സംസാരിച്ചതാണ്.
മലയാള സിനിമക്ക് സത്യനെപോലെ ഒരു നടനാണ് മാമുക്കോയ. വ്യത്യസ്തരായ നടന്മാർ നമുക്ക് ഉണ്ട്. ഭാഷയിലായാലും രൂപത്തിലും പെരുമാറ്റത്തിലുമായാലും വ്യത്യസ്തത പുലർത്തിയ മാമുക്കോയക്ക് മുമ്പ് അത്തരം ഒരാളില്ല. ഇനി വരുമെന്ന് പറയാനും വയ്യ -സുരേഷ് ഗോപി പറഞ്ഞു.
മാമുക്കോയയുടെ മരണാനന്തര ചടങ്ങിൽ താരങ്ങളടക്കം പ്രമുഖരാരും എത്തിയില്ലെന്ന പരാതി ഉയർന്നിരുന്നു.