പാലക്കാട്- കുളിര് തേടി കാട്ടാനകൾ ഭാരതപ്പുഴയിലെ തടയണകളിലേക്ക്, എന്തു ചെയ്യണമെന്നറിയാതെ വനംവകുപ്പ്. ഈ വർഷം അഞ്ചു തവണയാണ് ഭാരതപ്പുഴയിലെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കളിക്കാൻ ആനകൾ എത്തിയത്. നേരത്തേ മലമ്പുഴ അണക്കെട്ടിലെ ജലസമൃദ്ധിയിൽ ആനക്കൂട്ടങ്ങൾ സംതൃപ്തരായിരുന്നുവെങ്കിൽ ഇപ്പോൾ കഥ അൽപ്പം മാറിയിട്ടുണ്ട്. പറളി, മങ്കര, ലക്കിടി എന്നിവിടങ്ങളിൽ ഭാരതപ്പുഴക്കു കുറുകേ നിർമ്മിച്ചിട്ടുള്ള തടയണകളാണ് അവയുടെ ലക്ഷ്യം. മുണ്ടൂർ ഭാഗത്തെ കാട്ടിൽ നിന്ന് തിരക്കേറിയ രണ്ട് ഹൈവേകൾ മുറിച്ചു കടന്ന് ഭാരതപ്പുഴ ലക്ഷ്യമാക്കി പായുന്ന കാട്ടാനകൾ വലിയൊരു പ്രദേശത്തെ ജനജീവിതത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പാലക്കാട്- കോഴിക്കോട് ദേശീയപാതയും പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാതയും മുറിച്ചു കടന്നു വേണം ആനകൾക്ക് മങ്കരയിലേയും ലക്കിടിയിലേയും തടയണകളിലെത്താൻ. ഈ വഴിയിൽ കാട്ടാനകൾക്ക് സൈ്വരവിഹാരം നടത്തുന്നതിന് പുതിയ ആനത്താരകൾ രൂപം കൊള്ളുകയാണ്. പുഴയിലേക്കുള്ള യാത്രയിൽ ആളുകളെ ആക്രമിക്കുകയോ വീടുകൾ നശിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കിലും ആനകൾ കടന്നു പോകുന്ന വഴിയിൽ വൻതോതിലുള്ള കൃഷിനാശമാണ് ഉണ്ടാകുന്നത്. ഓരോ തവണ സംഭവം ആവർത്തിക്കുമ്പോഴും പതിവു പല്ലവി ആവർത്തിക്കാനേ വനംവകുപ്പുദ്യോഗസ്ഥർക്ക് സാധിക്കുന്നുള്ളൂ. ആനകളെ ജനവാസമേഖലകളിൽ നിന്ന് തുരത്തുന്നതിന് ശക്തമായ സംവിധാനം നിലവിൽ വരുമെന്ന പതിവു പ്രഖ്യാപനം പ്രദേശവാസികൾക്ക് തെല്ലും ആശ്വാസം പകരുന്നില്ല.
ആനകൾ നാശം വിതക്കുന്ന പ്രദേശങ്ങളിൽ ബഹുഭൂരിപക്ഷവും കോങ്ങാട് നിയമസഭാ മണ്ഡലത്തിലാണ്. വിഷയം സ്ഥലം എം.എൽ.എ കെ.വി. വിജയദാസ് രണ്ടു തവണ നിയമസഭയിൽ ഉന്നയിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി അടിയന്തരമായി ഉണ്ടാകുമെന്നായിരുന്നു വകുപ്പു മന്ത്രിയുടെ നടപടി. എന്നാൽ ഫലപ്രദമായ ഒരു സംവിധാനവും ഇതുവരെ നിലവിൽ വന്നിട്ടില്ല. ഊരുതെണ്ടി പുഴയിലെത്തുന്ന ആനകളുടെ സംഘത്തിൽ ഓരോ തവണയും എണ്ണത്തിൽ കൂടുതലോ കുറവോ അനുഭവപ്പെടാറുണ്ടെങ്കിലും വരുന്ന ആനകൾ പതിവുകാർ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പടക്കം പൊട്ടിച്ചും ബഹളം വെച്ചും അവയെ ഓടിക്കാൻ സാധിക്കാതായിരിക്കുന്നു.
കുങ്കിയാനകളെ പതിവായി പ്രദേശത്ത് നിയോഗിക്കുക എന്നതാണ് നിലവിൽ ഉയർന്നു വന്നിട്ടുള്ള പ്രധാന നിർദ്ദേശങ്ങളിലൊന്ന്. എന്നാൽ കാട്ടാനകളെ തുരത്തുന്നതിൽ പരിശീലനം ലഭിച്ച കുങ്കിയാനകൾ കേരളത്തിൽ ആവശ്യത്തിനില്ല. തമിഴ്‌നാട്ടിൽ നിന്നോ കർണാടകത്തിൽ നിന്നോ ആണ് പാലക്കാട്ടേക്ക് ഇപ്പോൾ അവ എത്തുന്നത്. ആ സംസ്ഥാനങ്ങളിലും ആവശ്യത്തിന് കുങ്കിയാനകൾ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ആവശ്യമാണെങ്കിൽ കേരളത്തിൽ നിന്നുള്ള ആനകളെ പരിശീലിപ്പിക്കാമെന്ന നിർദ്ദേശമാണ് തമിഴ്‌നാട് മുന്നോട്ടു വെച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന വനംവകുപ്പിന് ആയിട്ടില്ല. വിഷയം വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് കോങ്ങാട് എം.എൽ.എ അറിയിച്ചു.
ആനക്കൂട്ടത്തിന്റെ പുഴയിലെ നീരാട്ട് സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. തുടക്കത്തിൽ ആനകളെ പേടിയോടെയാണ് കണ്ടിരുന്നതെങ്കിലും അവ ആളുകളെ ഉപദ്രവിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്.
ആനകളുടെ നീരാട്ട് കാണാൻ അയൽജില്ലകളിൽ നിന്ന് പോലും വാഹനങ്ങളിൽ ആളുകൾ എത്തുന്നതാണ് പുതിയ അനുഭവം. പലപ്പോഴും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ വനംവകുപ്പും പോലീസും ഏറെ പണിപ്പെടേണ്ടി വരുന്നു.