കാസർക്കോട്- പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി ഗഫൂർ ഹാജിയുടെ ദൂരുഹമരണത്തിന് പിന്നാലെ യുവതിയുടെ വീട്ടിൽ പോലീസ് പരിശോധന. ഗഫൂർ ഹാജിയുടെ വീട്ടിൽനിന്ന് 595 പവൻ കാണാതായതുമായി ബന്ധപ്പെട്ടാണ് പരിശോധന. ഉദുമ മാങ്ങാട് കൂളിക്കുന്നിലുള്ള യുവതിയുടെ ആഡംബര വീട്ടിലാണ് ബേക്കൽ ഇൻസ്‌പെക്ടർ യു.പി വിപിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തിയത്. മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ഏപ്രിൽ 14-നാണ് ഗഫൂർ ഹാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. സ്വാഭാവിക മരണമെന്ന് കരുതി അന്നുതന്നെ മറവുചെയ്തു. എന്നാൽ പിന്നീട് വീട്ടിൽനിന്ന് 595 പവൻ സ്വർണം കാണാതായി എന്ന് തിരിച്ചറിഞ്ഞതോടെ മക്കൾ പരാതി നൽകുകയായിരുന്നു. പരാതിക്കൊപ്പം സംശയമുള്ള രണ്ടു പേരുകൾ കൂടി നൽകി. വ്യാഴാഴ്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടവും ചെയ്തു. പിന്നീട് സംശയമുള്ള യുവതിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. ഈ വീടിന്റെ ഗൃഹപ്രവേശം നടന്നത് ഈയിടെയാണ്.