Sorry, you need to enable JavaScript to visit this website.

അടുത്ത ഒരാഴ്ച ലോകകപ്പ് പൊടിപാറും

പാനമക്കെതിരെ ഇംഗ്ലണ്ട് 6-1 വിജയം നേടിയതോടെ നാളെയാരംഭിക്കുന്ന ലോകകപ്പ് പ്രാഥമിക ഘട്ടത്തിലെ മൂന്നാം റൗണ്ട് പോരാട്ടത്തിന്റെ വീറുംവാശിയും ഒന്നുകൂടി ഉയർന്നിരിക്കുന്നു. ടുണീഷ്യ, പാനമ എന്നീ ദുർബലരെ മികച്ച തോതിൽ കീഴടക്കിയ ഇംഗ്ലണ്ടും ബെൽജിയവും തുല്യപോയിന്റുകളോടെ, തുല്യഗോൾവ്യത്യാസത്തോടെ ഗ്രൂപ്പ് എഫിൽ ആദ്യരണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നു. അടുത്ത വ്യാഴാഴ്ച പരസ്പരം മത്സരിക്കുമ്പോഴാണ് ഇരുടീമുകൾക്കും ലോകകപ്പ് തുടങ്ങുന്നതു തന്നെ.
ഇംഗ്ലണ്ട് ആധിപത്യം പുലർത്തുകയും പാനമ ഹതാശരായി നിൽക്കുകയും ചെയ്ത വിരസമായൊരു കളിയായാണ് ഇന്നത്തെ മത്സരം അനുഭവപ്പെട്ടത്. എതിരാളികൾ ദുർബലരാണെന്ന് അറിയാമായിരുന്നിട്ടു കൂടി, സ്റ്റാർട്ടിങ് ഇലവനിലും ഫോർമേഷനിലും കാര്യമായ മാറ്റം ഇംഗ്ലീഷ് കോച്ച് ഗാരി സൗത്ത്‌ഗേറ്റ് വരുത്താതിരുന്നതും അത്ഭുതമായി. ആദ്യമത്സരത്തിൽ ടുണീഷ്യയുണ്ടാക്കിയ ബുദ്ധിമുട്ടുകളുടെ ഓർമയും ബെൽജിയത്തിനെതിരെ ആദ്യപകുതിയിൽ പാനമ നടത്തിയ ചെറുത്തുനിൽപ്പും സൗത്ത്‌ഗേറ്റിനെ കരുതലോടെയുള്ള നീക്കത്തിന് പ്രേരിപ്പിച്ചിരിക്കണം. അമേരിക്കയെ പിന്തള്ളി ലോകകപ്പിനെത്തിയ പാനമയാകട്ടെ, കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെ നിലനിർത്തി.


എല്ലാ മേഖലയിലും ഇംഗ്ലണ്ടിന് സർവാധിപത്യമുണ്ടായിരുന്നെങ്കിലും, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് സ്‌കോറിങ് റെക്കോർഡായ ആറു ഗോൾ അടിച്ചിട്ടും ഓപൺ പ്ലേയിലൂടെ ഗോളടിക്കാൻ അവർ വിഷമിച്ചതാണ് എന്റെ ശ്രദ്ധയിൽപ്പെട്ട ഒരുകാര്യം. ജെസ്സി ലിങ്ഗാർഡ് ബോക്‌സിനു പുറത്തുനിന്ന് തൊടുത്തുവിട്ട് മഴവില്ലുപോലെ വലയിലേക്ക് വളഞ്ഞിറങ്ങിയ ആ ലോങ് റേഞ്ചർ മാത്രമേ ആകർഷകമായിരുന്നുള്ളൂ. സ്‌റ്റോൺസിന്റെ ഹെഡ്ഡർ ഗോൾ, ഹാരി കെയ്‌നിന്റെ രണ്ട് പെനാൽട്ടി ഗോളുകൾ, ഡിഫഌനിലൂടെ വലയിൽ കയറിയ ഹാട്രിക് ഗോൾ, ജോൺസിന്റെ രണ്ടാം ഗോൾ എല്ലാം ഒരു വകയായിരുന്നു. ആദ്യ ഗോൾ വഴങ്ങിയതിന്റെ ഞെട്ടലിൽ നിന്നുമാറി പാനമക്കാർ മൈതാനമധ്യത്ത് കളി മെനഞ്ഞുവരുന്നതിനിടെ 22ാം മിനുട്ടിൽ റഫറി ഇംഗ്ലണ്ടിന് അനുവദിച്ച പെനാൽട്ടി ഒരു കടന്ന കയ്യായിരുന്നു. പാനമ ഡിഫന്ററുടേത് കുറ്റമറ്റ മാർക്കിങ് ആയിരുന്നു. അതിനിടയിലുണ്ടായ ശരീരസ്പർശം പരമാവധി മുതലെടുക്കാൻ ലിങ്ഗാർഡിന് കഴിഞ്ഞു. കോച്ചിങ് ക്ലാസുകളിൽ ഇത്തരം സന്ദർഭങ്ങൾ റഫറിയെ സ്വാധീനിക്കാൻ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഏതായാലും ഹാരി കെയ്‌നിന് ടോപ് സ്‌കോററാവാനുള്ള വഴിയൊരുക്കി അത്. ഫെലിപ് ബലോയ് പാനമയുടെ ചരിത്രത്തിലെ ആദ്യ ഗോളടിച്ച് റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു.
ചെറുപ്പക്കാരുടെ കൂട്ടമായിട്ടും ഇംഗ്ലണ്ട് കളിക്കാർ സാഹചര്യങ്ങൾക്കനുസരിച്ച് കളിയുടെ വേഗത കൂട്ടുന്നതും കുറക്കുന്നതും കാണാൻ കൗതുകമുണ്ട്. തുടക്കത്തിലേ ആധിപത്യമുണ്ടായിരുന്നതിനാൽ ഇന്നവർക്ക് ടെൻഷനില്ലാതെ കളിക്കാൻ പറ്റി. പക്ഷേ, ശരാശരിക്കാരായ പ്രതിരോധത്തിനെ പോലും മറികടന്ന് ബോക്‌സിൽ കളിക്കാൻ അവർ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അതിന്റെ പ്രശ്‌നം അവർ അനുഭവിക്കുക അടുത്ത മത്സരത്തിലായിരിക്കുമെന്ന് തോന്നുന്നു.


ഗ്രൂപ്പ് എഫിൽ ഇന്നലെ നടന്ന ബെൽജിയം  ടുണീഷ്യ മത്സരത്തെപ്പറ്റി ഞാൻ എഴുതിയിരുന്നില്ല. ഏകപക്ഷീയമായ ആ കളി ലുകാകുവിന്റെയും ഹസാർഡിന്റെയും ഇരട്ട ഗോളുകൾക്കൊപ്പം ഓർക്കപ്പെടുക റോബർട്ടോ മാർട്ടിനസിന്റെ കീഴിലുള്ള ബെൽജിയത്തിന്റെ ടീം വർക്കിന്റെ പേരിൽക്കൂടി ആയിരിക്കും. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ കളിക്കുന്ന മികച്ച താരങ്ങളെ മാർട്ടിൻസ് എത്ര മനോഹരമായാണ് ഒരുമിപ്പിക്കുന്നത് എന്ന് നോക്കുക. രണ്ടുദിവസം മുമ്പ് വായിച്ച അദ്ദേഹത്തിന്റെ ഒരു പ്രസ്താവന, ലുകാകുവിനെ ലോകകപ്പ് ടോപ് സ്‌കോററാക്കുകയല്ല തന്റെ ടീമിന്റെ ലക്ഷ്യം എന്നായിരുന്നു. ഇന്നലെ പെനാൽട്ടിയിലൂടെ ഹസാർഡ് ആദ്യ ഗോൾ നേടിയപ്പോൾ ലുകാകുവിന്റെ ആഘോഷം ശ്രദ്ധിച്ചവർക്കറിയാം ഒരു ടീമെന്ന നിലയിൽ അവർ എത്രമാത്രം സെറ്റാണെന്ന്. മാത്രമല്ല, ഹാട്രിക്കിന്റെ വക്കിൽ നിൽക്കെയാണ് ലുകാകുവിനെ 59ാം മിനുട്ടിലും ഹസാർഡിനെ 68ാം മിനുട്ടിലും കോച്ച് പിൻവലിച്ചത്. അതാ കളിക്കാരിൽ എന്തെങ്കിലും നിരാശ ഉണ്ടാക്കിയതായി തോന്നിയതേയില്ല.
ഏതായാലും അവസാന റൗണ്ടിൽ നിർണായകമായ നിരവധി മത്സരങ്ങളി പ്രാധാന്യമുള്ള ഇംഗ്ലണ്ട്  ബെൽജിയം കളി കൂടി ഉൾപ്പെടുകയാണ്. ബെൽജിയം ജയിച്ചാലേ അവർക്ക് ഗ്രൂപ്പിൽ ഒന്നാമതാവാനും അടുത്ത ഗ്രൂപ്പിലെ കരുത്തരിൽ നിന്ന് പ്രീക്വാർട്ടറിൽ രക്ഷപ്പെടാനും കഴിയുകയുള്ളൂ. മാർട്ടിനസിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രാക്ടീസ് മത്സരമോ പരീക്ഷണമോ ആകില്ലെന്നാണ് കരുതുന്നത്; എച്ച് ഗ്രൂപ്പിൽ കൊളംബിയ ഒന്നാം സ്ഥാനക്കാരാവാൻ സാധ്യതയുണ്ടെങ്കിൽ.
പോർച്ചുഗൽ  ഇറാൻ, സ്‌പെയിൻ  മൊറോക്കോ, ഡെൻമാർക്ക്  ഫ്രാൻസ്, നൈജീരിയ  അർജന്റീന, ഐസ്ലാന്റ്  ക്രൊയേഷ്യ, മെക്‌സിക്കോ  സ്വീഡൻ, സെർബിയ  ബ്രസീൽ... അടുത്ത ഒരാഴ്ച ലോകകപ്പ് പൊടിപാറും.

Latest News