ജിദ്ദ- സുഡാനില്‍നിന്ന് ജിദ്ദ വഴി നാട്ടിലെത്തുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നമാകുന്നു. ബംഗളൂരുവിന് പുറമെ ഇന്ന് ദല്‍ഹിയിലും യാത്രക്കാരെ തടഞ്ഞ് ക്വാറന്റൈനില്‍ അയക്കുകയാണ്. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ വൈദ്യുതിയോ ഭക്ഷണമോ ഇല്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. പിഞ്ചുകുഞ്ഞുമായി വന്ന അമ്മയും ഇപ്രകാരം ക്വാറന്റൈനിലേക്ക് അയക്കപ്പെട്ടു. കഴിഞ്ഞ രാത്രി മുതല്‍ അവര്‍ ദല്‍ഹി എയര്‍പോര്‍ട്ടിലാണെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു. ജിദ്ദയിലുള്ള മന്ത്രി വി. മുരളീധരന്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് ആവശ്യം.
യേെല്ലാ ഫീവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ മണിക്കൂറുകളായി ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണെന്ന് സമ്പത്ത് ബണ്ടാരം എന്ന യാത്രക്കാരന്‍ പറഞ്ഞു. ആറ് ദിവസം ക്വാറന്റൈന്‍ ചെയ്യണമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത്.
സുഡാനില്‍നിന്നെത്തിയ ഭര്‍ത്താവ് ബംഗളൂരു വിമാനത്താവളത്തിലാണെന്നും പുറത്തുവിടുന്നില്ലെന്നും ശീതള്‍ കോത്താരി പറഞ്ഞു. ബംഗളൂരുവില്‍ ക്വാറന്റൈനിലാണ്. പത്തോ പന്ത്രണ്ടോ ദിവസം ക്വാറന്റൈനിലിരിക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുന്നതായും ശീതള്‍ പറയുന്നു.
ദല്‍ഹിയില്‍ കുടുംബവുമായെത്തിയ പലരേയും ക്വാറന്റൈനിലാക്കിയതായി ഫറാന്‍ നവാസ് പറയുവന്നു. യുദ്ധകലുഷിതമായ രാജ്യത്ത് ദിവസങ്ങളോളം ഒളിവില്‍ താമസിച്ചശേഷം എത്തിയ തങ്ങളെ സ്വന്തം നാട്ടില്‍ ജയിലില്‍ ഇടുകയാണോ എന്നാണ് നവാസിന്റെ ചോദ്യം. ആദ്യം വന്ന വിമാനങ്ങളിലെത്തിയവര്‍ക്ക് പുറത്തുകടക്കാനായെന്നും പിന്നീടാണ് സര്‍ക്കാര്‍ ക്വാറന്റൈന്‍ തീരുമാനം കൊണ്ടുവന്നതെന്നും ഇയാള്‍ പറഞ്ഞു.
എന്നാല്‍ യെല്ലോഫീവര്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമല്ലെന്നും കൊതുകിലൂടെ പകരുന്ന രോഗമാണെന്നും പിന്നെന്തിനാണ് ഇതിന്റെ പേരില്‍ ക്വാറന്റൈനെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ചോദ്യമുയരുന്നുണ്ട്.