ന്യൂദൽഹി- ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായ ശീഷ് മഹൽ നവീകരിക്കാൻ 44.78 കോടി രൂപ ചെലവഴിച്ചുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി നരേഷ് കുമാറിനോട് ആവശ്യപ്പെട്ടു. അരവിന്ദ് കെജ്‌രിവാളിന്റെ വീട് നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 44.78 കോടി ചെലവഴിച്ചത് ചട്ടങ്ങൾ ലംഘിച്ചാണോയെന്ന് വ്യക്തമാക്കണമെന്നും ലഫ്റ്റനന്റ് ജനറൽ ആവശ്യപ്പെട്ടു.
കെജ്‌രിവാളിന്റെ ഔദ്യോഗിക ബംഗ്ലാവ് പുതുക്കിപ്പണിയാൻ ചെലവഴിച്ച തുകയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിയും കോൺഗ്രസും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. താനൊരു സാധാരണക്കാരനാണെന്ന് പറയുന്ന കെജ്‌രിവാൾ ഒരു രാജാവിനെപ്പോലെയാണ് ജീവിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ഖജനാവിൽ നിന്ന് പണമെടുത്ത് സ്വന്തം ബംഗ്ലാവ് മോടിപിടിപ്പിക്കാൻ ഉപയോഗിച്ച കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കനും പ്രതികരിച്ചു.
അതേസമയം, കെജ്‌രിവാളിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വസതി 80 വർഷം മുൻപ് നിർമിച്ചതിനാലും അടുത്തിടെ മൂന്ന് തവണ മേൽക്കൂര തകർന്നുവീണതിനാലും നവീകരണം അനിവാര്യമാണെന്ന് ആം ആദ്മി പാർട്ടി പറഞ്ഞു. ഇതേ തുടർന്നാണ് ബംഗ്ലാവിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് ഇത് പുനർനിർമിക്കാൻ ശുപാർശ ചെയ്തത്. യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ആളുകളെ വ്യതിചലിപ്പിക്കാനാണ് പുതിയ വിവാദമെന്ന് പാർട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്നത് നവീകരണമല്ലെന്നും പഴയ കെട്ടിടത്തിന് പകരം പുതിയ കെട്ടിടം വന്നിട്ടുണ്ടെന്നും മുതിർന്ന പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ പറഞ്ഞു. ദൽഹി മുഖ്യമന്ത്രിയുടെ വസതി നവീകരണത്തിനായി അനുവദിച്ച 43.70 കോടിയിൽ നിന്ന് 44.78 കോടി രൂപ ചെലവഴിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. രേഖകൾ പ്രകാരം 2020 സെപ്റ്റംബർ മുതൽ 2022 ജൂൺ വരെയാണ് തുക ചെലവഴിച്ചത്. അനുവദിച്ച തുകയായ 9.99 കോടിയിൽ 8.11 കോടി രൂപ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ക്യാമ്പ് ഓഫീസിനായി ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.