ഭോപാല്‍- മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തി നല്ല മഴ ലഭിക്കാന്‍ മധ്യപ്രദേശിലെ വനിതാ ശിശു ക്ഷേമകാര്യ സഹമന്ത്രി ലളിത യാദവ് രണ്ടു തവള കല്യാണം സംഘടിപ്പിച്ചു. ഛത്തര്‍പൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് രണ്ടു തവളകളെ ആചാരങ്ങളുടെ അകമ്പടിയില്‍ പരസ്പരം കല്യാണം നടത്തിക്കൊടുത്തത്. അപൂര്‍ കല്യാണത്തിന് സാക്ഷ്യം വഹിക്കാന്‍ ക്ഷേത്രത്തിലെത്തിയ നൂറുകണക്കിനാളുകള്‍ സമൃദ്ധമായ സദ്യം മന്ത്രി വിളമ്പി. അതേസമയം മന്ത്രിയുടെ നടപടി അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനാവശ്യമായ ഒരു പരമ്പരാഗത രീതിയാണിതെന്ന ന്യായീകരണവുമായി മന്ത്രിയും രംഗത്തെത്തി.
വരള്‍ച്ച രൂക്ഷമായ ബുന്ദെല്‍ഖണ്ഡ് മേഖലയിലുള്‍പ്പെട്ട ഛത്തര്‍പൂര്‍ മണ്ഡലം പ്രതിനിധിയാണ് മന്ത്രി ലളിത. രണ്ടു വര്‍ഷമായി ഇവിടെ കടുത്ത വരള്‍ച്ചയാണ്. മഴലഭിക്കാന്‍ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന വളരെ പഴയൊരു പാരമ്പര്യമാണ് തവള കല്യാണമെന്ന് ക്ഷേത്രം പൂജാരി ആചാര്യ ബ്രിജ്‌നന്ദന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
സമാനമായ മറ്റൊരു സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ വാരണസിയില്‍ മഴയക്കായി രണ്ടു പ്ലാസ്റ്റിക് തവളകളുടെ വിവാഹം നടത്തിയതും നേരത്തെ വാര്‍ത്തയായിരുന്നു.