മുംബൈ-ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ട് വഴി എയര്‍കണ്ടീഷറുകള്‍ വില്‍പനയ്ക്ക് എന്ന് പറഞ്ഞ് കബളിപ്പിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയ ദേവ്യാംഗ് പട്ടേല്‍ (28), സ്വകാര്യ ബാങ്ക് ജീവനക്കാരനായ അല്‍പേഷ് സോങ്കുസ്രെ (24), അഹമ്മദാബാദ് സ്വദേശിയായ പ്രിയാന്‍ഷു ഖത്രി (21) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടില്‍ എയര്‍ കണ്ടീഷണറുകള്‍ കുറഞ്ഞവിലയ്ക്ക വാങ്ങാം എന്ന് പരസ്യം നല്‍കുന്നു. ശേഷം ഇതിനായി ബന്ധപ്പെടുന്നവരുടെ കൈയില്‍ നിന്ന് പണം വാങ്ങിയ ശേഷം സാധനങ്ങള്‍ അവര്‍ക്ക് നല്‍കാതെ കബളിപ്പിക്കുകയാണ് ചെയ്തിരുന്നത് എന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഗ്രാന്റ് റോഡിലെ ഒരു ഇലക്ട്രോണിക്‌സ് സ്റ്റോറിന്റെ ഉടമ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവരുടെ തട്ടിപ്പ് പുറത്തുവന്നത്.
പ്രതികള്‍ ഫേസ്ബുക്കില്‍ എയര്‍ കണ്ടീഷണറുകളുടെ പരസ്യത്തില്‍ പരാതിക്കാരന്റെ കടയുടെ പേരും അതിന്റെ ജി എസ് ടി നമ്പറുമാണ് നല്‍കിയിരുന്നത്. സാധനം ലഭിക്കാത്തവര്‍ കടയില്‍ വിളിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് കടയുടമ പരാതി നല്‍കിയത്. മൂന്ന് പേരും ചേര്‍ന്ന് ഏകദേശം 96000രൂപ തട്ടിയതായി പോലീസ് അറിയിച്ചു. പണനിക്ഷേപിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് അന്വേഷിച്ചാണ് പോലീസ് ആദ്യം അല്‍പേഷ് സോങ്കുസ്രെയിലേയ്ക്കും പിന്നീട് മറ്റ് രണ്ട് പ്രതികളിലേയ്ക്കും എത്തിയത്. ആളുകളുമായി ഫോണില്‍ പണത്തിനെക്കുറിച്ചുള്ള ചര്‍ച്ച നടത്തിയത് ഖത്രിയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പ്രതികള്‍ ജി എസ് ടി നമ്പറും കടയുടെ പേരും ഉപയോഗിച്ച് വ്യാജ ബില്ല് തയ്യാറാക്കി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അയയ്ക്കും. പിന്നീട് അവരോട് പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പറയുന്നു. പണം ലഭിച്ച ശേഷം അവരുമായി ഉള്ള ബന്ധം പ്രതികള്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. അല്‍പേഷ് സോങ്കുസ്രെയാണ് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കൂട്ടാളികളെ സഹായിച്ചിരുന്നത്.