ബെംഗളൂരു- സുഡാനില്‍നിന്ന് ഓപ്പറേഷന്‍ കാവേരി വഴിയെത്തിയ 25 മലയാളികള്‍ ബെംഗളൂരുവില്‍ കുടുങ്ങി. യെലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുറത്തുവിടില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ എടുക്കാത്തവര്‍ അഞ്ചുദിവസം സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ പോകണം.
ജീവനുംകൊണ്ടു നാട്ടിലേക്ക് തിരികെ എത്തിയ തങ്ങള്‍ക്ക് ഇനി ബെംഗളൂരുവില്‍ ക്വാറന്റീന്‍ ചെലവ് കൂടി താങ്ങാനുള്ള ശേഷിയില്ലെന്ന് യാത്രക്കാര്‍ അറിയിച്ചു. മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളില്‍ എത്തിയവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഇല്ലാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
സുഡാനില്‍നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യം ഊര്‍ജിതമായി തുടരുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. 392 പേരുമായി മൂന്നാം വിമാനവും ജിദ്ദയില്‍നിന്ന് ദല്‍ഹിയിലെത്തി. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കുന്നതുവരെ രക്ഷാദൗത്യം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.