ന്യൂദല്‍ഹി- ബലാത്സംഗ കുറ്റവാളിയായ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷക്കെതിരെ ശക്തമായ വിമര്‍ശവുമായി ശശി തരൂര്‍ എം.പി.
നിരന്തരമായ ലൈംഗിക പീഡനത്തിനെതിരെ രംഗത്തിറങ്ങിയ സഹകായിക താരങ്ങളുടെ ന്യായമായ സമരത്തിനെതിരെ നിലപാട് സ്വീകരിച്ചത് ശരിയായില്ലെന്നും അവരുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമല്ലെന്നും തരൂര്‍ പറഞ്ഞു. അവരുടെ പരാതി കേള്‍ക്കാനും അന്വേഷിക്കാനും തയാറാകാതെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്ന് തരൂര്‍ പറഞ്ഞു.
ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരെയാണ് കായിക താരങ്ങളുടെ സമരം. അച്ചടക്ക ലംഘനമാണ് സമരമെന്നായിരുന്നു ഉഷയുടെ പ്രതികരണം. സിംഗിനെതിരായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരുന്നതുപോലും കാത്തിരിക്കാതെയാണ് ഉഷ കായിക താരങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചത്.