ന്യൂദൽഹി- വിദ്വേഷ പ്രസംഗത്തിൽ പരാതികൾക്കു കാത്തു നിൽക്കാതെ എല്ലാ സംസ്ഥാനങ്ങളിലും സ്വമേധയേ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച് സുപ്രീംകോടതി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളോടാണ് വിദ്വേഷ പ്രസംഗത്തിൽ സ്വമേധയാ കേസെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. എന്നാൽ, ഇനി മുതൽ എല്ലാ സംസ്ഥാനങ്ങൾക്കും വിദ്വേഷ പ്രസംങ്ങളിൽ ഇനി പരാതി ലഭിക്കും വരെ കാത്തിരിക്കാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാമെന്നാണ് ജസ്റ്റീസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. വിദ്വേഷ പ്രസംഗം നടത്തിയ ആളുടെ മതം ഏതാണെന്ന് നോക്കാതെ കേസ് രജിസ്റ്റർ ചെയ്തിരിക്കണം. നടപടിയെടുക്കാൻ വീഴ്ച വരുത്തുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 153എ, 153 ബി, 295 എ, 506 എന്നീ വകുപ്പുകൾ ചുമത്താവുന്ന തരത്തിൽ വിദ്വേഷ പ്രസംഗങ്ങളോ മറ്റു പ്രവർത്തികളോ ശ്രദ്ധയിൽ പെട്ടാൽ പരാതിക്കു കാത്തു നിൽക്കാതെ സംസ്ഥാനങ്ങൾ സ്വമേധയാ കേസെടുത്തിരിക്കണം എന്നാണ് നിർദേശം. ഇക്കാര്യത്തിൽ കർശന നടപടി എടുത്തിരിക്കണമെന്ന ബന്ധപ്പെട്ടവർ തങ്ങളുടെ ചുമതലയിലുള്ള ഉദ്യോഗസ്ഥർക്കു നിർദേശം നൽകണം. വിദ്വേഷ പ്രസംഗം നടത്തിയ ആളുടെ മതം ഏതെന്ന് നോക്കാതെ നടപടിയെടുത്താൽ മാത്രമേ ഭരണഘടനയുടെ ആമുഖത്തിൽ പറയും പോലെ ഇന്ത്യയെ ഒരു മതേതര രാജ്യമാക്കി നിൽനിർത്താൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി.
ഹിന്ദു സമുദായത്തിനെതിരേയോ മുസ്ലിം സമുദായത്തിനെതിരേയോ കേസെടുക്കണമന്നല്ല കോടതി പറയുന്നത്. മറിച്ച്, മതത്തിന് അതീതമായി വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരേ കേസെടുക്കണമെന്നാണ് കോടതിയുടെ നിർദേശമെന്നും ജസ്റ്റീസ് ജോസഫ് വ്യക്തമാക്കി. സുപ്രീംകോടതിയുടെ തന്നെ തെഹ്‌സീൻ പൂനാവാല കേസിലെ വിധി അനുസരിച്ച് നിലവിൽ തന്നെ വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കാനുള്ള വകുപ്പുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരോ, സംസ്ഥാന സർക്കാരുകളെ വിദ്വേഷ പ്രസംഗങ്ങളെ ന്യായീകരിക്കുന്നില്ല. വിദ്വേഷ പ്രസംഗം നടന്നിട്ടുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് തെഹ്‌സീൻ പൂനാവാല കേസിലെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്വേഷ പ്രസംഗം ഒരു ഗുരുതര കുറ്റമാണെന്ന കാര്യത്തിൽ തർക്കമില്ല. വിദ്വേഷ പ്രസംഗം നടന്നിട്ടും 156(3) വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ പരാതിക്കാർക്ക് മജിസ്‌ട്രേറ്റിനെ സമീപിക്കാവുന്നതാണെന്നും തുഷാർ മേത്ത വ്യക്തമാക്കി.
വിദ്വേഷ പ്രസംഗം രാജ്യത്തിന്റെ കെട്ടുറപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ജസ്റ്റീസ് കുര്യൻ ജോസഫ് വ്യക്തമാക്കി. ഇതിനോട് യോജിക്കുന്നു എന്ന് പറഞ്ഞ സോളിസിറ്റർ ജനറൽ എന്നാൽ ഒരു മജിസ്‌ട്രേറ്റ് കോടതിയിലേക്ക് എന്ന പോലെ ഈ വിഷയത്തിൽ സുപ്രീംകോടതിയിലേക്ക് ഒന്നിനു പിന്നാലെ ഒന്നായി പരാതികൾ എത്തിക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഇക്കാര്യത്തിൽ സുപ്രീംകോടതിയിലേക്ക് പരാതികൾ ഒഴുകുകയാണെന്നുമായിരുന്നു സോളിസിറ്റർ ജനറലിന്റെ വിമർശനം. പ്രത്യേക മതവിഭാഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളും വിദ്വേഷ പ്രസംഗത്തിൽ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. എന്നാൽ, ജഡ്ജിമാരായ തങ്ങൾക്ക് ഇരുവർക്കും രാഷ്ട്രീയമില്ലെന്നായിരുന്നു ജസ്റ്റീസ് കെ.എം ജോസഫിന്റെ മറുപടി. തങ്ങൾ രാഷ്ട്രീയ പാർട്ടി ഏതാണ് എന്ന കണക്കിലെടുക്കുന്നേയില്ല. ഭരണഘടന മാത്രമാണ് കണക്കിലെടുക്കുന്നത്. കേസിൽ പരാതിയുമായി എത്തിയിരുന്നവർ ആരും തന്നെ ഇതിൽ രാഷ്ട്രീയം കൂട്ടിക്കലർത്തരുത്. രാഷ്ട്രീയം ഇതിൽ കൂട്ടിക്കുഴയ്ക്കാൻ ശ്രമിച്ചാൽ കോടതി കൂട്ടുനിൽക്കില്ല. ഇത്തരം കേസുകളിൽ മതം നോക്കാതെ നടപടി എടുത്തിരിക്കണമെന്നും ജസ്സ്റ്റീസ് ജോസഫ് ആവർത്തിച്ചു വ്യക്തമാക്കി. ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരെ ശിരച്ഛേദം ചെയ്യണം എന്ന ആഹ്വാനത്തിനെതിരേ പരാതിയുമായി വന്ന അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്‌നെ കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചു.
എന്നാൽ, എംപിമാരും എംഎൽഎമാരും പോലും ഇരിക്കുന്ന വേദികളിൽ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളിൽ പോലും നടപടി എടുക്കുന്നില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ പരിഖ് ചൂണ്ടിക്കാട്ടി. എന്നാൽ, സുപ്രീംകോടതിയാണോ ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടതെന്ന വിഷയം പരിഗണിക്കണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ഇതൊരു രാജ്യവ്യാപക വിഷയമാണെന്നായിരുന്നു പരാതിക്കാരുരടെ പ്രതികരണം. രാജ്യവ്യാപക വിഷയം ആണെന്നാണ് പറയുന്നതെങ്കിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്വേഷ പ്രസംഗങ്ങൾ നടക്കുന്നില്ലല്ലോ എന്നായിരുന്നു ജസ്റ്റീസ് കെ. എം ജോസഫ് ചോദിച്ചത്. രാജ്യവ്യാപക വിഷയമാണോ എന്നതല്ല. പൊതു നൻമയെ മനസിൽ കരുതിയാണ് വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണമെന്ന് സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനും ഇതേ ആശങ്ക തന്നെയാണുള്ളതെന്ന് സോളിസിറ്റർ ജനറലും പ്രതികരിച്ചു.
കേസ് ഇന്നലെ പരിഗണിച്ചപ്പോൾ കോടതിയുടെ നിർദേങ്ങളെ നിങ്ങൾ ലാഘവത്തോടെ എടുക്കരുതെന്നാണ് ജസ്റ്റീസ് കെ.എം ജോസഫ് മഹരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവിനോട് പറഞ്ഞത്. തങ്ങൾ അങ്ങേയറ്റം ഗൗരവത്തോടെ തന്നെ കണക്കിലെടുക്കുന്നു എന്ന് എഎസ്ജി മറുപടിയും നൽകി. മഹരാഷ്ട്രയിലെ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള കാര്യം പരാതിക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടില്ല എന്ന് എഎസ്ജി പറഞ്ഞപ്പോൾ അതു നിങ്ങളുടെ ചുമതലയാണെന്നായിരുന്നു ജസ്റ്റീസ് ജോസഫിന്റെ മറുപടി.