റിയാദ് - സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ അവകാശത്തിന്റെയും ദിശയില്‍ സൗദി അറേബ്യയുടെ പുതിയ കുതിപ്പ്. സ്വന്തം രാജ്യത്ത് നിയമാനുസൃതം വാഹനമോടിക്കുന്നതിനുള്ള സൗദി വനിതകളുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പിന് വിരാമമായി.
സൗദിയില്‍ വാഹനമോടിക്കുന്നതിന് വനിതകള്‍ക്കുള്ള അനുമതി പുലര്‍ച്ചെ 12 മണി മുതല്‍ പ്രാബല്യത്തില്‍ വന്നു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ഭരണ നേതൃത്വത്തില്‍ പരിഷ്‌കരണത്തിന്റെ പുതുയുഗപ്പിറവിക്കാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. ലോകത്ത് വനിതകള്‍ക്ക് വാഹനമോടിക്കുന്നതിന് അനുമതിയില്ലാത്ത ഏക രാജ്യമെന്ന ദുഷ്‌കീര്‍ത്തി ഭരണാധികാരികളുടെ ഇഛാശക്തിക്കു മുന്നില്‍ ചരിത്രത്തിന്റെ ഭാഗമായി മാറി. സമൂഹത്തില്‍ നല്ലൊരു പങ്കും സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെ ശക്തിയുക്തം എതിര്‍ത്തുവരുന്നവരായിരുന്നു. ഇത്ര പെട്ടെന്ന് തങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്ന്, ഡ്രൈവിംഗ് അനുമതി ലഭിക്കുന്നതിന് പ്രചാരണം നടത്തിവന്ന വനിതാ ആക്ടിവിസ്റ്റുകള്‍ പോലും കരുതിയതല്ല.
യാത്രാ മേഖലയില്‍ വനിതകള്‍ നേരിട്ടിരുന്ന ദീര്‍ഘകാലത്തെ ദുരിതങ്ങള്‍ക്കാണ് അറുതിയായത്. വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കുന്ന നിലയില്‍ ട്രാഫിക് നിയമത്തിലെ ഭേദഗതി 2017 സെപ്റ്റംബര്‍ 26 നാണ് സല്‍മാന്‍ രാജാവ് അംഗീകരിച്ചത്. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനും ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനും മറ്റു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും മതിയായ സമയം ലഭിക്കുന്നതിനു വേണ്ടി തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നത് ഇന്നേക്ക് നീട്ടിവെക്കുകയായിരുന്നു.
നിരവധി സൗദി വനിതകളും വിദേശ വനിതകളും ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് നേടിയിട്ടുണ്ട്. വനിതകളുടെ പക്കലുള്ള വിദേശ, അന്താരാഷ്ട്ര ലൈസന്‍സുകള്‍ മാറ്റിനല്‍കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇതിനു പുറമെ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ വഴി പുതിയ ലൈസന്‍സുകളും അനുവദിക്കുന്നുണ്ട്. ഏതാനും യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ച് റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റ് ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അല്‍ഖസീം യൂനിവേഴ്‌സിറ്റിയില്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ബുറൈദയില്‍ അല്‍ഖസീം യൂനിവേഴ്‌സിറ്റി കാമ്പസില്‍ വൈകാതെ ഡ്രൈവിംഗ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും. മറ്റു ചില നഗരങ്ങളില്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള അപേക്ഷകള്‍ ട്രാഫിക് ഡയറക്ടറേറ്റ് പഠിച്ചുവരികയാണ്.