ന്യൂദല്‍ഹി- ഋഷി സുനക്കിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയത് തന്റെ മകളാണെന്ന് സുധാ മൂര്‍ത്തി അവകാശപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. തന്റെ മകള്‍ അക്ഷതാ മൂര്‍ത്തിയാണ് സുനക്കിനെ യു.കെയില്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിച്ചതെന്നാണ് സുധാ മൂര്‍ത്തി അവകാശപ്പെടുന്നത്.
ഞാന്‍ എന്റെ ഭര്‍ത്താവിനെ ബിസിനസുകാരനാക്കി, എന്റെ മകള്‍ അവളുടെ ഭര്‍ത്താവിനെ യു.കെയുടെ പ്രധാനമന്ത്രിയാക്കി- ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വീഡിയോയില്‍ സുധാ മൂര്‍ത്തി പറയുന്നു.
യു.കെ പ്രധാനമന്ത്രി സ്ഥാനത്ത് ഏഷ്യന്‍ വംശജനായ ഋഷി സുനക്ക് എത്തിയതിന് പിന്നാലെ ഭാര്യ അക്ഷത മൂര്‍ത്തിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളേയാണ് ഋഷി സുനക്ക് വിവാഹം ചെയ്തതെന്ന് അന്നാണ് പലരും അറിഞ്ഞത്. ഇതോടെ അക്ഷതയുടെ പേരിലുള്ള സ്വത്തുക്കളും ഓഹരികളും മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
ഭര്‍ത്താക്കന്‍മാരെ സ്വാധീനിക്കാന്‍ ഭാര്യമാര്‍ക്ക് എത്രമാത്രം കഴിയുമെന്ന് വിശദീകരിക്കുന്ന സുധാ മൂര്‍ത്തിയുടെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നത്. തന്റെ മകള്‍ കാരണം ഋഷി യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറിയെന്നും സുധാ മൂര്‍ത്തി പറയുന്നു.
''ഒരു ഭാര്യക്ക് എങ്ങനെ ഭര്‍ത്താവിനെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് നോക്കൂ. പക്ഷേ, എനിക്ക് എന്റെ ഭര്‍ത്താവിനെ മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല. എന്നാലും ഞാന്‍ അദ്ദേഹത്തെ ബിസിനസുകാരനാക്കി മാറ്റി. എന്റെ മകള്‍ അവളുടെ ഭര്‍ത്താവിനെ പ്രധാനമന്ത്രിയാക്കി. ഭാര്യയുടെ മഹത്വമാണ് ഇതെല്ലാം', സുധ വീഡിയോയില്‍ പറയുന്നു.
'ഇന്‍ഫോസിസ് തുടങ്ങിയത് വ്യാഴാഴ്ച്ചയാണ്. ഞങ്ങളുടെ മരുമകന്‍ അവരുടെ പൂര്‍വികരുടെ കാലം മുതല്‍ 150 വര്‍ഷമായി ഇംഗ്ലണ്ടിലാണ്. പക്ഷേ, അവരെല്ലാവരും മതവിശ്വാസികളാണ്. എല്ലാ കാര്യങ്ങളും വ്യാഴാഴ്ച്ച തുടങ്ങുന്നത് എന്താണെന്ന് വിവാഹം കഴിഞ്ഞ ശേഷം മരുമകന്‍ ചോദിച്ചു. രാഘവേന്ദ്ര സ്വാമി എല്ലാ വ്യാഴാഴ്ച്ചയുമാണ് വ്രതമെടുക്കാറുള്ളത്. അത് നല്ല ദിവസമാണെന്ന് പറഞ്ഞു. മരുമകന്റെ അമ്മ വ്രതമെടുക്കുന്നത് എല്ലാ തിങ്കളാഴ്ച്ചയുമാണ്. മരുമകന്‍ വ്രതമെടുക്കുന്നത് എല്ലാ വ്യാഴാഴ്ച്ചയും', സുധാ മൂര്‍ത്തി പറയുന്നു.
സ്റ്റാന്‍ഫോര്‍ഡിലെ പഠനത്തിനിടയിലാണ് ഋഷി സുനക്കിനെ അക്ഷത പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വളരുകയായിരുന്നു. 2009 ഓഗസ്റ്റ് 13ന് ബംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലില്‍വെച്ച് ഇരുവരും വിവാഹിതരായി. ഇവര്‍ക്ക് രണ്ട് മക്കളാണ്. കൃഷ്ണയും അനൗഷ്‌കയും.