ഇടുക്കി - അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള നീക്കങ്ങള്‍ അനിശ്ചിതത്വത്തിലായി. അരിക്കൊമ്പനെ പുലര്‍ച്ചെ സിമന്റ് പാലത്തിനടുത്ത് കാട്ടാനക്കൂട്ടത്തോടൊപ്പം കണ്ടെത്തിയെങ്കിലും പിന്നീട് ആന എവിടേക്ക് പോയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ആനയെ തേടി വനം വകുപ്പ് സംഘം കാട്ടില്‍ തെരച്ചില്‍ നടത്തുകയാണ്. ആന പെരിയകനാല്‍ ഭാഗത്തേക്ക് എത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ ഭാഗത്ത് വെച്ച് ആനയെ മയക്കുവെടി വെയ്ക്കുന്നത് എളുപ്പമല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ദൗദ്യം ഇന്ന് സാധ്യമാകാനിടയില്ല. സൂര്യന് ഉദിക്കുന്ന സമയത്ത് തന്നെ ഏതാണ്ട് ആറ് മണിയോടെ വെടിവെയ്ക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അതിനുള്ള സാഹചര്യം ഒത്തു വരാത്തതിനാല്‍ ദൗത്യം നീളുകയായിരുന്നു. സാഹചര്യം ഒത്തു വന്നാല്‍ മയക്കുവെടി വെയ്ക്കാനുള്ള സജ്ജീകരണങ്ങളുമായി ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള വെറ്റിനറി ഡോക്ടര്‍മാരുടെ സംഘം തയ്യാറായി നിന്നിരുന്നു. എന്നാല്‍ പുലര്‍ച്ചെ ദൗത്യ സംഘത്തിന്റെ കണ്‍വെട്ടത്തുണ്ടായിരുന്ന ആന പെട്ടെന്ന് കാട്ടിലെ മറ്റ് ഭാഗത്തേക്ക് മറയുകയായിരുന്നു. ഇതോടെയാണ് വനംവകുപ്പ് ആശയക്കുഴപ്പത്തിലായത്. മയക്കു വെടി വച്ചതിനുശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ ലോറിയില്‍ കയറ്റാണ് തീരുമാനം. ഇതിന് മുന്‍പ് മുന്‍പ് ജിപിഎസ് കോളര്‍ ഘടിപ്പിക്കും. അരിക്കൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന കാര്യത്തില്‍ സസ്പെന്‍സ് തുടരുകയാണ്. ഇക്കാര്യം ഇതുവരെ വനംവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.