ന്യൂഡൽഹി - വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന്
ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.
ഗുജറാത്തിലെ അഹമ്മദാബാദിലും ജമ്മു കശ്മീരിലെ ശ്രീനഗറിലും ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഷോപ്പിംഗ് മാൾ പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് യൂസഫലി മോഡിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെപ്പറ്റിയും അദ്ദേഹം പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. കശ്മീർ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കാർഷികോത്പ്പന്നങ്ങൾ സംഭരിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന പദ്ധതിയുടെ പുരോഗതിയും യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഒപ്പം മോഡിക്ക് ഈദ് ആശംസ നേർന്നതായും യൂസഫലി ട്വീറ്റ് ചെയ്തു.