Sorry, you need to enable JavaScript to visit this website.

എ.ഐക്ക് വിനിയോഗിച്ചത് 83.6 കോടി; എല്ലാം കെൽട്രോൺ അറിഞ്ഞ്

തിരുവനന്തപുരം- സേഫ് കേരള പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സംവിധാനത്തിനും കൺട്രോൾ റൂമുകൾക്കുമായി ചെലവിട്ടത് 83.6കോടിയെന്ന് തെളിവുകൾ. എസ്.ആർ.ഐ.ടി നൽകിയ പർച്ചേസ് ഓർഡറും ഉപകരാറും പുറത്ത്. നടന്നത് കെൽട്രോണിന്റെയും സർക്കാറിന്റെയും  അറിവോടെ നടന്ന തീവെട്ടിക്കൊള്ളയെന്ന് രേഖകൾ. വെട്ടിപ്പ് നടത്തിയത് കരാറിന്റെ നിയമങ്ങൾ ദുരുപയോഗപ്പെടുത്തിയും. 
സേഫ് കേരള പദ്ധതി നടപ്പിലാക്കാൻ 232 കോടി രൂപ നൽകാമെന്നാണ് ഗതാഗതവകുപ്പ്  കെൽട്രോണുമായി ധാരണയുണ്ടാക്കിയത്. എന്നാൽ 151 കോടി രൂപക്ക് കെൽട്രോൺ എസ്.ആർ.ഐ.ടിക്ക് കരാർ നൽകി. എസ്.ആർ.ഐ.ടി ഇത് പ്രസാഡിയോ, അൽഹിന്ദ് എന്നീ കമ്പനികൾക്ക് ഉപകരാർ നൽകി. പിന്നീട് അൽ ഹിന്ദ് പിൻമാറി. അതിന് പകരം ലൈറ്റ് മാസ്റ്റർ എന്ന കമ്പനി വന്നു. 2020 നവമ്പർ 11 ന് പ്രസാഡിയോ, ലൈറ്റ് മാസ്റ്റർ എന്നീ കമ്പനികളുമായി എസ്.ആർ.ഐ.ടി പദ്ധതി നടപ്പിലാക്കാൻ കരാർ ഉണ്ടാക്കി. അതിനുശേഷം പ്രസാഡിയോയും ലൈറ്റ് മാസ്റ്ററും തമ്മിൽ പ്രൊജക്ട് പാർട്ണറിങ് ആന്റ് എക്‌സിക്യൂഷൻ എഗ്രിമെന്റും തയ്യാറാക്കി. ഇതനുസരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അനുബന്ധ സാധനങ്ങളുടെയും വിതരണം ചെയ്യേണ്ടത് ലൈറ്റ് മാസ്റ്റർ കമ്പനിയാണ്. കൺട്രോൾ റൂം അടക്കമുള്ള സിവിൽ വർക്കുകൾ നടത്തേണ്ടത് പ്രസാഡിയോയും. 2020 നവംബർ 16 ന് എസ്.ആർ.ഐ.ടി ലൈറ്റ് മാസ്റ്ററിന് പർച്ചേസ് ഓർഡർ നൽകി. ഈ ഓർഡർ പ്രകാരം ക്യാമറയും ഇൻസ്റ്റലേഷനും വാറന്റിയും ജി.എസ്.ടിയും അടക്കം 25 ഇനം സാധന സാമഗ്രികളുടെ വില  75,32,58,841 (75.32 കോടി)രൂപയാണ്. ടെണ്ടർ തുകയുടെ അഞ്ചു മുതൽ 5.5 ശതമാനം വരെ മാത്രമേ സിവിൽ വർക്കിന് നൽകേണ്ടതുള്ളൂ. 151 കോടിയുടെ 5.5ശതമാനം എന്നത് 8.30 കോടിയാണ്. ഈ തുകയാണ് പ്രസാഡിയോ കമ്പനിക്ക് നൽകേണ്ടത്. അതായത് ഉപകരണങ്ങളും കൺട്രോൾ റൂമുകളും ചേർന്ന് ആകെ 83.6 കോടി രൂപ മാത്രമാണ് ചെലവ് എന്ന് ലൈറ്റ് മാസ്റ്ററിന് നൽകിയ പർച്ചേസ് ഓർഡർ വ്യക്തമാക്കുന്നു. 83.6 കോടിക്ക് പകരമാണ് 151 കോടിക്ക് കെൽട്രോൺ എസ്ആർ.ഐടി.ക്ക് കരാർ നൽകിയത്. ഈ ഇനത്തിൽ മാത്രം എസ്.ആർ.ഐ.ടിക്ക് 67.4 കോടി ലാഭം.
അഴിമതിക്ക് ചുക്കാൻ പിടിച്ചത് കെൽട്രോൺ ആണെന്നും വ്യക്തം. 232 കോടിയിൽ 151 കോടി മാത്രമാണ് കെൽട്രോൺ എസ്.ആർ.ഐടിക്ക് നൽകിയത്.  140 ജീവനക്കാരുടെ ശമ്പളം, വൈദ്യുതി നിരക്ക്, ചെലാൻ പ്രിന്റിംഗ്, പോസ്റ്റൽ ചാർജ് എന്നിവക്കും കൂടിയാണ് ശേഷിക്കുന്ന 81 കോടിയെന്നാണ് സർക്കാർ വാദം. എങ്ങനെ കണക്ക് കൂട്ടിയാലും അഞ്ചുവർഷത്തേക്ക് 81 കോടി ചിലവ് വരില്ലെന്ന് ഈ രംഗത്ത് ഉള്ളവർ പറയുന്നു. കൂടാതെ ഉപകരാറുമായി കെൽട്രോണിന് ബന്ധമില്ലെന്ന വാദവും പൊളിഞ്ഞു. സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി എസ്.ആർ.ഐ.ടി  കെൽട്രോണിന് നൽകേണ്ട ആറ് കോടി രൂപയിൽ മൂന്ന് കോടി രൂപയും നൽകിയത് തുടക്കത്തിൽ എസ്.ആർ.ഐടിക്ക് ഒപ്പം ഉണ്ടായിരുന്ന അൽഹിന്ദ് കമ്പനിയാണ്. ഈ തുക കെൽട്രോൺ കൈപ്പറ്റുകയും ചെയ്തു. ഇതിന്റെ രേഖകളും പുറത്തുവന്നു. മാത്രമല്ല എസ്.ആർ.ഐ.ടിയും ലൈറ്റ് മാസ്റ്ററും പ്രാസിഡിയോയും ചേർന്നുണ്ടാക്കിയ കരാറിൽ സാക്ഷിയായി ഒപ്പുവച്ചിട്ടുള്ളത് കെൽട്രോണിലെ മുതിർന്ന ഉദ്യോഗസ്ഥയുമാണ്. ഇതോടെ കെൽട്രോണിന്  ഉപകരാറിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന അവകാശവാദവും പൊളിഞ്ഞു.
കൂടാതെ ഗതാഗത വകുപ്പ് കെൽട്രോണിന്  ബൂട്ട് (ബിൾഡ് ഓൺ ഒപ്പറേറ്റീവ് ട്രാൻസ്ഫർ)അടിസ്ഥാനത്തിലുള്ള പ്രോജക്ടിനാണ് 2020 ൽ അനുമതി നൽകിയത്. പിന്നീട് 2023 ഏപ്രിൽ 18 ന് മാത്രമാണ് ഇത് ആന്വിറ്റി സ്‌കീമിലേക്ക് മാറ്റി നൽകിയത്. എന്നാൽ 2020 നവമ്പർ 16ന്, എസ്.ആർ.ഐ.ടിയും പ്രസാഡിയോയും, ലൈറ്റ് മാസ്റ്ററും ചേർന്ന് തയ്യാറാക്കിയ ധാരണാപത്രത്തിൽ ഈ പദ്ധതി ആന്വിറ്റി സ്‌കീമിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല എസ്.ആർ.ഐ.ടിയുടെ ആറ് ശതമാനം സർവ്വീസ് ചാർജ്ജായ  ഒമ്പത് കോടിയിൽപരം രൂപ, ആന്വിറ്റി സ്‌കീം പ്രകാരം ലഭിക്കുന്ന തവണകളിൽ നിന്ന് നൽകണമെന്ന തീരുമാനവുമുണ്ട്. ഇതോടെ സർക്കാരും കെൽട്രോണും എസ്.ആർ.ഐ.ടിയും ചേർന്ന് നടത്തിയ വലിയ അഴിമതിയാണെന്ന് വ്യക്തമായിട്ടുണ്ട്.

Latest News