ന്യൂദല്‍ഹി - ലൈംഗിക പീഡനം നടത്തിയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനെതിരെ പ്രതികരിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ എം.പി. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും ഇത് രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്നും സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പി ടി ഉഷ പറഞ്ഞു.
എന്നാല്‍ പി ടി ഉഷയുടെ പരാമര്‍ശത്തിനെതിരെ ഗുസ്തി താരങ്ങള്‍ രംഗത്തെത്തി. പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ പറഞ്ഞു. അവരില്‍ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു. ഗുസ്തി താരങ്ങള്‍ ദല്‍ഹി ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ കായികതാരങ്ങള്‍ ഡല്‍ഹി പൊലീസില്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നല്‍കിയെങ്കിലും ഇത് വരെ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.