Sorry, you need to enable JavaScript to visit this website.

ദേശീയപാത നിർമാണത്തിന് കൊല്ലത്ത് അതിവേഗം: 50 ശതമാനം പൂർത്തിയായി

കൊല്ലം- ദേശീയപാത 66 ന്റെ നിർമാണം കൊല്ലം ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ഇതിനകം പാത നിർമാണത്തിന്റെ 50 ശതമാനം പ്രവർത്തികൾ പൂർത്തിയായി. ഓടകളും വൈദ്യുത പോസ്റ്റുകളും കേബിളുകളും മാറ്റി സ്ഥാപിക്കുന്ന യൂട്ടിലിറ്റി കോറിഡോർ നിർമാണവും യാഥാർഥ്യമായി. ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ മൂന്നും നാലും റീച്ചുകളായാണ് നിർമാണം പുരോഗമിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഏഴ് മീറ്റർ വീതിയിൽ സർവീസ് റോഡുകളുടെ നിർമാണം ഏതാണ്ട് പൂർത്തിയായി. മൂന്നാമത്തെ റീച്ചിലാണ് ആറുവരി പാതയുടെ ടാറിംഗ് ആദ്യം തുടങ്ങിയത്. കഴിഞ്ഞ ദിവസം നാലാം റീച്ചിൽ ചാത്തന്നൂർ, കൊട്ടിയം, പാരിപ്പള്ളി എന്നിവിടങ്ങളിലും ടാറിംഗ് ആരംഭിച്ചു. കൊട്ടിയത്ത് അടിപ്പാത നിർമാണം കഴിഞ്ഞു. അയത്തിൽ അടിപ്പാത നിർമാണത്തിനുള്ള പൈലിംഗ് ആരംഭിച്ചു. ഇത്തിക്കരയിൽ നിലവിലെ പാലത്തിനു സമാന്തരമായി രണ്ടു പാലങ്ങളും ബൈപാസിൽ മങ്ങാട് പാലം നിർമാണത്തിനും പൈലിംഗ് തുടങ്ങി.
ഇതിനിടെ നീണ്ടകരയിൽ നിലവിലെ പാലത്തിന് ഇരുവശത്തും പുതിയ പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. കാവനാട്ടും ഉമയനല്ലൂരിലും മേൽപാലങ്ങളുടെ നിർമാണം തുടങ്ങിയിട്ടുണ്ട്. ചാത്തന്നൂരിൽ ടോൾപ്ലാസ നിർമാണം തുടങ്ങിയിട്ടുണ്ട്. കരുനാഗപ്പള്ളി നഗരത്തിൽ ഹൈസ്‌കൂൾ ജംഗ്ഷൻ മുതൽ സർവീസ് റോഡുകളുടെ നിർമാണം തുടങ്ങി. ജർമൻ സ്റ്റേബിൾ റോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡിന്റെ പ്രധാന പാളി നിർമിക്കുന്നത്. ഗ്രാവലും സിമന്റും പ്രത്യേക മിശ്രിതവും ചേർത്ത് ജർമൻ നിർമിത മെഷീനുകൾ ഉപയോഗിച്ചാണ് നിർമാണം നടത്തുന്നത്.
പ്രധാന ദേശീയപാതയിൽ 24 സെന്റീമീറ്റർ കനത്തിലും സർവീസ് റോഡിൽ 28 സെന്റീമീറ്റർ കനത്തിലുമാണ് ഈ പാളി നിർമിക്കുന്നത്. അതിനു മുകളിലാണ് ടാറിംഗ് നടത്തുക. ദേശീയപാതയോരത്തെ ലൈനുകൾ മാറ്റി സ്ഥാപിച്ച് ചാർജിംഗ് പ്രവർത്തി പൂർത്തിയാക്കിയിട്ടുണ്ട്. പുതിയകാവ് മുതൽ വടക്കോട്ട് ഒന്നര കിലോമീറ്റർ ഭാഗത്ത് പുതുതായി സ്ഥാപിച്ച ലൈനുകൾ ചാർജ് ചെയ്തു.

Latest News