ന്യൂദല്‍ഹി- അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം യോഗാ അഭ്യാസം കാണിക്കുന്നത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. യോഗ പ്രകടനം കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടെങ്കിലും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും തീപ്പൊരി ഹിന്ദുത്വ നേതാവുമായ യോഗി ആദിത്യനാഥിന്റെ യോഗ അഭ്യാസം ട്വിറ്ററില്‍ കത്തുകയാണിപ്പോള്‍. എപ്പോഴും കാവി കുര്‍ത്തയും മുണ്ടും അണിത്തുന്ന യോഗി യോഗാഭ്യാസത്തിന് ധരിച്ച ഒരു കാവി ടീഷര്‍ട്ടാണ് ചിലരുടെ കണ്ണിലുടക്കിയത്. യോഗി ധരിച്ചിരിക്കുന്നത് ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂളിന്റെ കാവി നിറത്തിലുള്ള ജഴ്‌സിയാണ്. ക്ലബിന്റെ ഔദ്യോഗിക ലോഗോ പതിച്ച ജഴ്‌സിയെ ചൊല്ലി ട്വിറ്ററില്‍ ആരാധകര്‍ ആഘോഷിക്കുകയാണ്. ക്ലബിന്റെ ഔദ്യോഗിക ജഴ്‌സിയുടെ നിറം ചുവപ്പാണെങ്കിലും യോഗിക്ക് ഈ നിറമെവിടുന്ന് കിട്ടി എന്നാണ് ആരാധകരുടെ ചോദ്യം.
അപ്രതീക്ഷിതമായി കിട്ടിയ ക്ലബ് 'ആരാധകനെ' ട്രോളില്‍ മുക്കിയിരിക്കുകയാണ് ട്വിറ്ററാറ്റികള്‍. 'കൊള്ളാം... റൈറ്റ് വിങിലായിരിക്കും അദ്ദേഹത്തിന്റെ കളി. ബെറ്റുവയ്ക്കുന്നോ' എന്നായിരുന്നു നിഖില്‍ നാസ് എന്നയാളുടെ ട്രോള്‍. 'സലാഹിന്റെ പ്രകടനത്തിനു പിന്നിലുള്ള ശക്തിയെ ഇപ്പോള്‍ പിടി കിട്ടിയില്ലെ? ഈ ചിത്രം നോക്കൂ' എന്നായിരുന്നു ലിവര്‍പൂര്‍ ജഴ്‌സിയണിഞ്ഞ യോഗിയുടെ ചിത്ര സഹിതമുള്ള മറ്റൊരാളുടെ ട്വീറ്റ്. ലിവര്‍പൂളിന് പുതിയൊരു അംബാസഡറെ കിട്ടിയിരിക്കുന്നു എന്നഭിപ്രായപ്പെട്ടവരും ഉണ്ട്.