Sorry, you need to enable JavaScript to visit this website.

മഅ്ദനിയുടെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി; ഉത്തരവിന്റെ അന്തഃസത്ത കളയരുതെന്ന് മുന്നറിയിപ്പ്

ന്യൂദൽഹി- കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ വേണമെന്ന കർണാടക പോലീസിന്റെ ആവശ്യത്തിനെതിരെ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയിൽ. ഉത്തരവിനെ മറികടക്കുന്ന വ്യസ്ഥകൾ നിർദ്ദേശിക്കാൻ കർണാടക സർക്കാറിനെ എങ്ങിനെ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ചോദിച്ചത്. മഅദനിയുടെ അപേക്ഷ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും.

ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതിയാണ് അബ്ദുൾ നാസർ മഅദനിക്ക് അനുമതി നൽകിയിരുന്നത്. മഅദനിയുടെ സുരക്ഷ കർണാടക പോലീസ് ആണ് ഒരുക്കേണ്ടതെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് എട്ടു വരെ സുരക്ഷ ഒരുക്കുന്നതിന് 56.63 ലക്ഷം രൂപ മഅദനി നൽകണമെന്ന് കർണാടക പോലീസ് ആവശ്യപ്പെട്ടത്. പ്രതിമാസം 20.23 ലക്ഷം രൂപയാണ് ചെലവായി കർണാടക പോലീസ് ആവശ്യപ്പെട്ടത്.

കർണാടക പോലീസിന്റെ ഈ ആവശ്യത്തെ തുടർന്ന് മഅദനിയുടെ കേരള സന്ദർശനം അനിശ്ചിതത്വത്തിൽ ആയെന്ന് സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ കോടതിയെ അറിയിച്ചു. ഇരുപത് പോലീസുകാരാണ് അകമ്പടിക്കായി പോകുന്നത് എന്നാണ് കർണാടകം അറിയിച്ചിട്ടുള്ളത്. എന്നാൽ മുമ്പ് പോയിരുന്നപ്പോൾ നാല് പോലീസുകാർ മാത്രമായിരുന്നു അനുഗമിച്ചിരുന്നതെന്നും മഅദനിയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. സുരക്ഷയെന്ന് സുപ്രീം കോടതി പറഞ്ഞത് അതീവ സുരക്ഷയെന്ന് കർണാടകം വ്യാഖ്യാനിച്ചിരിക്കുകയാണ്.
 

Latest News