Sorry, you need to enable JavaScript to visit this website.

വിദ്വേഷ പ്രസംഗം; അമിത്ഷായ്‌ക്കെതിരെ കോണ്‍ഗ്രസ് പരാതി

ബെംഗളൂരു- കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ണാടകയില്‍ കലാപമുണ്ടാകുമെന്ന അമിത്ഷായുടെ വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. വിദ്വേഷ പ്രസംഗവും പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നുമാണ് കോണ്‍ഗ്രസ് പരാതിയില്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഡി. കെ. ശിവകുമാര്‍, ഡോ. പരമേശ്വര്‍ എന്നിവരാണ് ബെംഗളൂരു ഹൈഗ്രൗണ്ട് പോലീസില്‍ പരാതി നല്‍കിയത്.

ബെളഗാവിലെ തെര്‍ദലില്‍ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത്ഷാ കര്‍ണാടകയില്‍ കലാപമുണ്ടാകുമെന്ന് പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കേര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കുമെന്നുമുള്ള അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും റിവേഴ്സ് ഗിയറിലായിരിക്കും സംസ്ഥാനത്തിന്റെ വികസനമെന്നും അഴിമതി വര്‍ധിക്കുമെന്നും പറഞ്ഞു. ബി. ജെ. പിക്ക് മാത്രമാണ് കര്‍ണാടകയെ നയിക്കാനാവുകയെന്നും അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞു. 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്‌ലിം സംവരണ പുനഃസ്ഥാപിക്കുമോയെന്ന വെല്ലുവിളിയും അമിത് ഷാ നടത്തിയിരുന്നു. മുസ്#ലിംകളുടെ സംവരണം മറ്റു രണ്ടു സമുദായങ്ങള്‍ക്കായി വീതിച്ചു കൊടുക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ തയ്യാറായത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആരുടെ സംവരണം ഒഴിവാക്കിയാണ് മുസ്ലിം സംവരണം പുനഃസ്ഥാപിക്കുക എന്ന് കാണാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വെല്ലുവിളിച്ചിരുന്നു.

സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായ ബി. ജെ. പി നേതാവ് അമിത് ഷാ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Latest News