ന്യൂദല്‍ഹി- യുഎസിലെ അറ്റ്‌ലാന്റയിലെ എയര്‍ ഇന്ത്യാ ഡാറ്റാ സെന്ററിലെ സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ 25 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മൂന്ന് മണിക്കൂറോളം വൈകി. രാജ്യാന്തര, ആഭ്യന്തര സര്‍വീസുകളെയാണ് ബാധിച്ചത്. ആയിരത്തോളം യാത്രക്കാരെ ഇതു ബാധിച്ചു. മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കാത്തു നില്‍ക്കേണ്ടി വന്ന യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധിച്ചു.
നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി പ്രശ്‌നം കാരണമാണ് സര്‍വീസിനെ ബാധിച്ചതെന്ന് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. പ്രശ്‌നം പരിഹിക്കാന്‍ മണിക്കൂറുകള്‍ എടുത്തതായണ് യാത്രക്കാരെ ക്ഷുഭിതരാക്കിയത്. വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ യാത്രാക്കാരുടെ മേളയാണെന്നും കാലുകുത്താന്‍ ഇടമില്ലെന്നും യാത്രക്കാരില്‍ ഒരാളായ ബ്ലുക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ മേധാവി അഖിലേഷ് മിശ്ര ട്വീറ്റ് ചെയ്തു. ട്വിറ്ററില്‍ യാത്രക്കാരുടെ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ട വ്യോമായന വകുപ്പ് സഹമന്ത്രി ജയന്ത് സിന്‍ഹ പ്രശ്‌നം പരിഹരിക്കപ്പെട്ടതായി ട്വീറ്റ് ചെയ്തു.