അബഹ- സൗഹൃദത്തിന്റെ പുതിയ മാതൃകാ കാഴ്ചകള്‍ സമൂഹത്തിന് നല്‍കി പ്രശസ്തനായ അലിഫ് മുഹമ്മദ് പെരുന്നാള്‍ ദിനത്തില്‍ കുടുംബവും സുഹൃത്തുക്കളുമൊന്നിച്ച് അസീറിയന്‍ കാഴ്ചകള്‍ കാണാന്‍ ഖമീസ് മുഷൈത്തില്‍ എത്തി. റിയാദില്‍ ജോലി ചെയ്യുന്ന പിതാവ് ഷാനവാസിന്റെ അരികിലേയ്ക്ക് മാതാവിനും രണ്ടു സഹോദരങ്ങള്‍ക്കുമൊപ്പം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അലിഫ് മുഹമ്മദ് എത്തിയത്.
കൊല്ലം ശാസ്താംകോട്ട ഡി.ബി കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ അലിഫ് മുഹമ്മദിനെ കോളേജിലേക്ക് കൊണ്ടുവരുന്നതും വീട്ടില്‍ തിരികെ കൊണ്ടുപോകുന്നതും സഹപാഠികളായ ആര്യയും അര്‍ച്ചനയും ചേര്‍ന്നാണ്. കോളേജില്‍ എത്തിയാലും ക്ലാസുകളിലേക്കും കലാ കായിക വേദികളിലേക്കും ഇവരുടെ കൂടെ തന്നെയാണ് യാത്രകള്‍ ഏറെയും. കാമ്പസില്‍ മറ്റു സഹായങ്ങള്‍ നല്‍കുന്നതും ഇവരെ പോലെയുള്ള ഡി.ബി കോളേജിലെ നല്ലവരായ സഹപാഠികളാണ്. തോളിലേറ്റിയ സൗഹൃദ യാത്രകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അങ്ങനെ ഒരു യാത്രയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ വഴി സമൂഹം ഏറ്റടുത്തതും, മൂന്നു പേരും വൈറലായതും. അലിഫിനോട് കരുണയും കരുതലും കാട്ടുന്ന സഹപാഠികളേയും ഈ പുണ്യപ്രവൃത്തിക്കു മക്കളുടെ മനസ്സിനെ തയാറാക്കിയ അവരുടെ മാതാപിതാക്കളേയും ഡി.ബി കോളേജിനേയും മനുഷ്യത്വം നിറഞ്ഞ ലോകം അഭിനന്ദിക്കുന്നു. ഇവരൊന്നിച്ചുള്ള ചിത്രം മാനവികതയുടെ മാതൃകയായാണ് സമൂഹം സ്വീകരിച്ചത്.
ഏറെ പ്രശസ്തരായതോടെ വിവിധ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും ഇവര്‍ നിറഞ്ഞു നിന്നു. അങ്ങനെ ആദ്യ വിദേശ യാത്ര ദുബായിലേക്കായിരുന്നു. ദുബായിലെ പ്രമുഖ ട്രാവല്‍ ഉടമയുടെ അതിഥികളായി മൂന്നു പേര്‍ക്കും ഉജ്വല സ്വീകരണമൊരുക്കി.
റിയാദില്‍ ജോലി ചെയ്യുന്ന പിതാവ് ഷാനവാസിന്റെ അരികിലേയ്ക്ക് മാതാവിനും രണ്ടു സഹോദരങ്ങള്‍ക്കുമൊപ്പം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അലിഫ് മുഹമ്മദ് സൗദിയില്‍ എത്തുന്നത്. റിയാദിലും മികച്ച സ്വീകരണങ്ങള്‍ ലഭിച്ചു. വിവിധ വേദികളില്‍ പ്രവാസികളുമായി സൗഹൃദം പങ്കുവെച്ചു.
ഏറെ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത പരിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ കഴിഞ്ഞ നിര്‍വൃതിയിലാണ് അലിഫ്. അറേബ്യയിലെ ഊട്ടി എന്നറിയപ്പെടുന്ന അസീറിലെ കാഴ്ചകള്‍ കാണാന്‍ പുറപ്പെടുമ്പോള്‍ ഇവിടം ഇത്ര സുന്ദരമായിരിക്കുമെന്ന് കരുതിയില്ലെന്നും ഇവടുത്തെ ശാന്തമായ അന്തരീക്ഷം ഏറെ ഇഷ്ടപ്പെട്ടെന്നും പറഞ്ഞു കേട്ട മണല്‍ക്കാടുകള്‍ക്കപ്പുറം പ്രകൃതിയുടെ മനോഹാരിത ഒത്തിരി ആസ്വദിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അലിഫ് പറയുന്നു.
അലിഫിന്റെ നാട്ടുകാരും സുഹൃത്തുക്കളുമായ അനസ് ജലീല്‍, ആഷിഖ് കരുനാഗപ്പള്ളി, സലാം തമ്പാന്‍, ആഷിഖ് എന്നിവരാണ് ഖമീസില്‍ ആതിഥ്യമരുളിയത്. അസീറിലെ കാഴ്ചകള്‍ക്കൊപ്പം ജിസാനില്‍ ജോലി ചെയ്യുന്ന പിതൃസഹോദരനേയും കണ്ടാണ് അലിഫിന്റെ റിയാദിലേയ്ക്കുള്ള മടക്കം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)