Sorry, you need to enable JavaScript to visit this website.

ഉപയോഗിച്ചത് 50 കിലോ ഭാരമുള്ള ബോംബ്, ഛത്തീസ്ഗഢില്‍ 10 ജവാന്മാര്‍ കൊല്ലപ്പെട്ടു

റായ്പുര്‍- ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 10 ജവാന്മാര്‍ കൊല്ലപ്പെട്ടു. ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കും ജീവന്‍ നഷ്ടമായി. ഏതാനും ജവാന്മാര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്‌ഫോടനത്തിലാണ് ജവാന്മാര്‍ മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അറന്‍പുര്‍ പാതയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഡി.ആര്‍.ജി. (ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്) സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മാവോവാദികളെ അമര്‍ച്ചചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു സംഘം.
ഡി.ആര്‍.ജി.യുടെ ഒരു സംഘം വാഹനത്തില്‍ ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടെ അരന്‍പുര്‍ റോഡില്‍ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഡി.ആര്‍.ജിയിലെ പത്തുപേരും ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്. 50 കിലോ ഭാരമുള്ള പ്രഷര്‍ ബോംബാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്. കുഴിബോംബ് പൊട്ടിത്തെറിച്ച് റോഡ് വലിയ തോതില്‍ തകര്‍ന്നു. മരണസംഖ്യ സംബന്ധിച്ചും പരിക്കേറ്റവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്.
സുരക്ഷാ സേനയെ അക്രമിക്കുമെന്ന് മാവോവാദികള്‍ കഴിഞ്ഞയാഴ്ച കത്തിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി ചില വൃത്തങ്ങള്‍ അറിയിച്ചു. സംഭവം നടന്നയിടത്തേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി തംരധ്വാജ് സാഹു അറിയിച്ചു. സ്ഥലത്ത് കനത്ത മഴയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അനുശോചനമറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. സാധ്യമായ എല്ലാ സഹായവും ഉറപ്പുനല്‍കി.

 

Latest News