Sorry, you need to enable JavaScript to visit this website.

എസിയിട്ട് ഇനി പുതച്ചുറങ്ങേണ്ട; എസികളില്‍ തണുപ്പ് 24 ഡിഗ്രി മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- രാജ്യത്ത് വിറ്റഴിക്കുന്ന എയര്‍ കണ്ടീഷനുകളുടെ തണുപ്പ് 24 ഡിഗ്രി സെല്‍ഷ്യസില്‍ ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ നിബന്ധന പ്രാബല്യത്തിലാകുമെന്ന് ഊര്‍ജ മന്ത്രി ആര്‍ കെ സിങ് പറഞ്ഞു. ഉപഭോക്താക്കളുടെ ആരോഗ്യപരവും സാമ്പത്തികവുമായ ഗുണത്തിനു വേണ്ടി എസി തണുപ്പ് പരിമിതപ്പെടുത്താന്‍ നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതു പ്രകാരം എസികളില്‍ പ്രത്യേക ലേബല്‍ പതിക്കാനും മന്ത്രി എസി നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. 

എസി തണുപ്പ് 24-26 ഡിഗ്രിയില്‍ പരിമിതപ്പെടുത്താനാണു തീരുമാനമെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. എസിക്കായി ഉപയോഗിക്കുന്ന വൈദ്യുതി കുറച്ചു കൊണ്ടു വരാനും കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ പ്രചാരണം നടത്തും. ഒരു ഡിഗ്രി എസി തണുപ്പ് കുറച്ചാല്‍ ആറു ശതമാനം വരെ വൈദ്യുതി ഉപയോഗം കുറക്കാം. സാധാരണ മനുഷ്യശരീരത്തിന്റെ ഊഷ്മാവ് ശരാശരി 36-37 ഡിഗ്രിയാണ്. എന്നാല്‍ ഹോട്ടലുകളും ഓഫീസുകളുമെല്ലാം 18-21 ഡിഗ്രി തണുപ്പിലാണ് എസി പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് ആരോഗ്യത്തിന് ഗുണകരമല്ല. ഇത്രയും തണുപ്പില്‍ ആളുകള്‍ക്ക് ജാക്കറ്റും പുതപ്പും ധരിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ഇതു ഊര്‍ജ്ജം പാഴാക്കലാണ്- മന്ത്രി പ്രസ്താവനയില്‍ വിശദീകരിച്ചു.

ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ എസി തണുപ്പ് 28 ഡിഗ്രിയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചുവടു പിടിച്ച്് ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) ഇതു സംബന്ധിച്ച് പഠനം നടത്തിയിരുന്നു. എസി തണുപ്പ് 24 ഡിഗ്രിയില്‍ പരിമിതപ്പെടുത്തണമെന്നാണ് ബിഇഇ പഠനം ശുപാര്‍ശ ചെയ്തത്. 

എസി ഉപയോഗിക്കുന്നതിനുള്ള ഊര്‍ജ ഉപഭോഗം നിയന്ത്രിക്കുന്നതിന് രാജ്യത്തുടനീളം ബോധവല്‍ക്കരണം നടത്തും. നാലു മുതല്‍ ആറു മാസം വരെ നീളുന്ന ഈ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പൊതുജനാഭിപ്രായം ശേഖരിക്കുന്നതിന് സര്‍വേയും നടത്തും. ഇതു കൂടി പരിഗണിച്ച ശേഷമാകും എസി തണുപ്പ് പരിമിതപ്പെടുത്തുന്ന ചട്ടം നിര്‍ബന്ധമാക്കുക. ഇതു നടപ്പിലായാല്‍ ഒരു വര്‍ഷം 20 ശതകോടി യൂണിറ്റ് വരെ വൈദ്യുതി ലാഭിക്കാമെന്നാണ് ഊര്‍ജ മന്ത്രാലയത്തിന്റെ കണക്കു കൂട്ടല്‍. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് എസി നിര്‍മ്മാതാക്കളുടെ പിന്തുണയുണ്ടെന്നും മന്ത്രാലയം കുറിപ്പില്‍ പറയുന്നു.
 

Latest News