Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാമുക്കോയ; സിനിമയുടെ അളവറിഞ്ഞ നടൻ

മരത്തിന്റെ അളവെടുത്താണ് കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി മാമുക്കോയ ജീവിതം തുടങ്ങിയത്. ആ അളവെടുപ്പാണ് നടനകലയുടെ കൃത്യമായ അളവിലേക്ക് മാമുക്കോയയെ മാറ്റിപ്പണിതത്. നിലമ്പൂരിൽ മരമളക്കാൻ പോയിത്തുടങ്ങിയ മാമുക്കോയ പിന്നീട് കേരളത്തിലങ്ങളോമിങ്ങളോളം നിരവധി കൂപ്പുകളിൽ മരമളക്കാൻ പോയി. മരം നോക്കി അതിന്റെ പ്രായവും കാതലും തിരിച്ചറിഞ്ഞ മാമുക്കോയ പിന്നീട് മലയാള സിനിമയിൽ കാതലുള്ള നടനായി മാറി. 
മാമുക്കോയ വെറുതെ സ്‌ക്രീനിൽവന്നു നിന്നാൽ മതിയായിരുന്നു, ആളുകൾക്ക് ചിരിക്കാൻ. ഹാസ്യനടനിൽനിന്ന് മാമുക്കോയ പിന്നീട് ഗൗരവമുള്ള നടനായ വേഷപ്പകർച്ച നടത്തി. എല്ലാറ്റിലും മാമുക്കോയ മികച്ചുനിന്നു. ഏതു സിനിമയായാലും തന്റെ സാന്നിധ്യം സിനിമക്കപ്പുറവും ജീവനോടെ നിലനിർത്താനാവശ്യമായ നടനവൈഭവം മാമുക്കോയക്കുണ്ടായിരുന്നു. 
വൈക്കം മുഹമ്മദ് ബഷീറുമായി ഏറ്റവും അടുപ്പമുള്ള നടൻമാരിൽ ഒരാളായിരുന്നു മാമുക്കോയ. മാമുക്കോയയുടെ സിനിമാ പ്രവേശത്തിൽ വൈക്കം മുഹമ്മദ് ബഷീറിനും പങ്കുണ്ട്. വിദ്യാർഥി ജീവിതകാലം മുതലേ തുടങ്ങിയ നാടക പ്രവർത്തനമായിരുന്നു മാമുക്കോയയെ ചലച്ചിത്രലോകത്തും ഉറപ്പിച്ചുനിർത്തിയത്. 
മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട്ജില്ലയിലെ ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിച്ചത്. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠൻ സംരക്ഷിച്ചു. കോഴിക്കോട് എം. എം. ഹൈസ്‌കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ സ്‌കൂളിൽ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. പട്ടിണി മാറ്റാനായിരുന്നു കല്ലായിയിൽ മരം അളക്കാൻ പോയത്. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി. നാടകവും കല്ലായിലെ മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി. സുഹൃത്തുക്കൾ ചേർന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂർ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം.
കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞു്, ചെമ്മങ്ങാട് റഹ്‌മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 
1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ്, എന്നിങ്ങനെ നിരവധി സിനിമകൾ. സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ.
 

Latest News