ന്യൂദല്‍ഹി - ഭാര്യ ഭര്‍തൃഗൃഹത്തില്‍ മരിച്ചു എന്നത് കൊണ്ട് മാത്രം അത് സ്ത്രീധന പീഡന മരണമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തിന് തെളിവ് വേണമെന്നും സുപ്രീം കോടതി പറഞ്ഞു. ഉത്തരാഖാണ്ഡിലെ ഒരു സ്ത്രീധന മരണക്കേസില്‍ ഭര്‍ത്താവിനെ ശിക്ഷിച്ചത് റദ്ദാക്കിക്കൊണ്ട് ജഡ്ജിമാരായ അഭയ് എസ് ഓക്ക, രാജേഷ് ബിണ്ഡാല്‍ എന്നിവരാണ് സ്ത്രീധനമരണത്തിന് കൃത്യമായ തെളിവു വേണമെന്ന് ഉത്തരവിട്ടത്.
ഈ കേസില്‍ മരണത്തിനു തൊട്ടു മുന്‍പുള്ള ക്രൂരതയ്ക്കും അവഹേളനത്തിനും സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തിനും തെളിവില്ലെന്നും കോടതി വിലയിരുത്തി. ഭര്‍ത്താവിന് ഹൈക്കോടതി നല്‍കിയ ശിക്ഷയാണ് സുപ്രീം കോടതി റദ്ദാക്കിയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ മരണത്തിനും ഏറെ മുമ്പുള്ളതാണെന്നും കോടതി വിലയിരുത്തി.