കാളികാവ്-വീട്ടമ്മയുടെ ഇരുപത്തിയൊന്നു ഗ്രാം സ്വർണാഭരണം മോഷ്ടിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ആമപ്പൊയിൽ പൂക്കോടൻ മുഹമ്മദ് അൻഷിദി(23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പുലർച്ചെ അയൽവാസിയുടെ വീടിന്റെ ജനൽ വഴിയാണ് പ്രതി മേശപ്പുറത്തുള്ള മൂന്നുപവൻ സ്വർണമാല കവർന്നത്.
മാലയുടെ ഉടമ പുതിയത്ത് നിധീഷിന്റെ ഭാര്യ ലക്ഷ്മി നൽകിയ പരാതിയിൽ കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. മോഷ്ടിച്ച സ്വർണം പ്രതി കാളികാവിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയതാണ് പോലീസിന് ഇയാളെ പിടികൂടാൻ സഹായകമായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.