ന്യൂദല്‍ഹി- സുപ്രീം കോടതിയിലെ രണ്ടാമത്തെ സീനിയര്‍ ന്യായാധിപനായ ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ വിരമിച്ചു. സുപ്രീം കോടതിയില്‍ കേസുകള്‍ ജഡ്ജിമാര്‍ക്ക് നല്‍കുന്ന രീതിയെ ചോദ്യം ചെയ്ത നാല് ജഡ്ജിമാരില്‍ ഒരാളായിരുന്നു അദ്ദേഹം. വിരമിച്ച ശേഷം സര്‍ക്കാരില്‍നിന്ന് ഒരു തരത്തിലുള്ള ജോലിയും സ്വീകരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിലെത്തിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തിയതില്‍ ഒട്ടും ഖേദമില്ലെന്ന് വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളില്‍ ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി.
ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാത്തതിലുള്ള നീരസം അദ്ദേഹം ആവര്‍ത്തിച്ചു. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ കെ.എം.ജോസഫ് സുപ്രീംകോടതി ജഡ്ജിയാകുമെന്നു തന്നെയാണ് പ്രതീക്ഷ. തുടര്‍ച്ചയായി പലതവണ ഇക്കാര്യത്തിനു വേണ്ടി നിലകൊണ്ടിട്ടുണ്ട്. സുപ്രീംകോടതി കൊളീജിയവും ഒറ്റക്കെട്ടായാണ് ശുപാര്‍ശ ചെയ്തത്. മികച്ച ജഡ്ജിയാണ് ജോസഫെന്നും ഇക്കാര്യത്തില്‍ കൊളീജിയം ഇനിയും പോരാട്ടം തുടരണമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.
സുപ്രീംകോടതി നല്‍കുന്ന നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങളോളം നീട്ടിക്കൊണ്ടു പോകരുത്. പുതിയ നിയമനങ്ങള്‍ നടക്കാതിരിക്കാനും സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കാനും അതു കാരണമാകും.
ജനുവരി 12നു മറ്റു ജഡ്ജിമാര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയതില്‍ കുറ്റബോധമില്ല. ഒട്ടേറെ പേര്‍ ഇക്കാര്യത്തില്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും വലതുപക്ഷ ചിന്തകര്‍ നിശബ്ദരായത് തന്നെ അദ്ഭുതപ്പെടുത്തി. അവരുടെ നിശബ്ദത കൂടുതല്‍ നഷ്ടങ്ങളുണ്ടാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും ചെലമേശ്വര്‍ പറഞ്ഞു.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത അപകടാവസ്ഥയിലാണോ എന്ന ചോദ്യത്തിന് അതെ എന്നാണ് ജസ്റ്റിസ് ചെലമേശ്വര്‍ നല്‍കിയ മറുപടി.
കേസുകള്‍ വിഭജിച്ചു നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഇപ്പോഴും ചില പ്രശ്‌നങ്ങളുണ്ടെന്നും അതിന് പരിഹാരം വേണമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ കൂട്ടിച്ചേര്‍ത്തു.