ദുബൈ- യു. എ. ഇയുടെ ചാന്ദ്ര പേടകം റാഷിദ് റോവറിനെ വഹിച്ച ഐ സ്പേസിന്റെ വാഹനം നിശ്ചയിച്ച സമയത്ത് ലാന്റിങ്ങ് നടത്തി. പക്ഷേ, അവസാനഘട്ടത്തില്‍ ഭൂമിയുമായുള്ള ബന്ധം നിലച്ചു.
യു. എ. ഇയുടെ ചാന്ദ്ര പര്യവേഷണ റോവര്‍ 'റാഷിദ്' വഹിച്ച ജപ്പാന്റെ വാഹനമാണ് ചന്ദ്രനിലിറങ്ങിയത്. യു. എ. ഇ സമയം ചൊവ്വാഴ്ച രാത്രി സമയം 8.40നാണ് ചന്ദ്രോപരിതലത്തില്‍ വാഹനം ഇറങ്ങിയത്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചന്ദ്രന്റെ ഉപരിതലം തൊടാനുള്ള ശ്രമം വിജയത്തിലെത്തിയെങ്കിലും അന്തിമമായി ബന്ധം വിച്ഛോദിക്കപ്പെടുകയായിരുന്നു. ആറു ഘട്ടങ്ങളിലായി നടന്ന ഇറങ്ങല്‍ പ്രക്രിയ എല്ലാ ഘട്ടങ്ങളും വിജയകരമായിരുന്നുവെങ്കിലും അവസാനത്തില്‍ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോവുകയായിരുന്നു. ഇതോടെ യു. എസിനും സോവിയറ്റ് യൂനിയനും ചൈനയ്ക്കും ശേഷം ചന്ദ്രനില്‍ സുരക്ഷിതമായി പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം സ്വന്തമാക്കാനുള്ള യു. എ. ഇയുടെ ശ്രമമാണ് പരാജയപ്പെട്ടത്.
ചന്ദ്രനിലേക്കുള്ള വാണിജ്യ കാര്‍ഗോ ദൗത്യത്തില്‍ ഏര്‍പ്പെടുന്ന ആദ്യത്തെ കമ്പനിയാണ് ജപ്പാന്റെ ഐ സ്‌പേസ്. കഴിഞ്ഞ മാസം അവസാനത്തില്‍ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയിരുന്നു. ചരിത്രദൗത്യം വീട്ടിലിരുന്നും മൊബൈലിലും കാണാന്‍ മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്റര്‍ സൗകര്യം ഒരുക്കിയിരുന്നു. ഡിസംബര്‍ 11നാണ് റാഷിദ് റോവര്‍ വിക്ഷേപിച്ചത്.