ന്യൂദൽഹി- കർണാടകയിൽ മുസ്‌ലിം വിഭാഗങ്ങൾക്കു ലഭിച്ചു വന്നിരുന്ന നാലു ശതമാനം സംവരണം നീക്കം ചെയ്ത സംസ്ഥാന സർക്കാരിന്റെ നടപടി തടഞ്ഞ് സുപ്രീംകോടതി. വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള രണ്ട് ശതമാനം സംവരണം ഉയർത്താനും ഒ.ബി.സി മുസ്്‌ലിംകൾക്കുമുള്ള നാല് ശതമാനം സംവരണം എടുത്തുകളയാനുമുള്ള ബി.ജെ.പി സർക്കാർ തീരുമാനമാണ് സുപ്രീംകോടതി താൽക്കാലികമായി തടഞ്ഞത്.
മേയ് ഒൻപതിന് കേസിൽ വാദം കേൾക്കാമെന്നും അതു വരെ നേരത്തെയുള്ള സ്ഥിതി തുടരണമെന്നാണ് ജസ്റ്റീസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. വിഷയത്തിൽ നേരത്തെ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനം കൂടുതൽ സമയം തേടിയ സാഹചര്യത്തിൽ കൂടിയാണ് സുപ്രീംകോടതി തൽസ്ഥിതി തുടരാൻ നിർദേശിച്ചത്. കർണാടക സർക്കാരിന്റെ തീരുമാനത്തിന് എതിരെ നേരത്തെയും സുപ്രീംകോടതി വിമർശനം ഉന്നയിച്ചിരുന്നു. കർണാടക സർക്കാരിന്റെ തീരുമാനം തികച്ചും തെറ്റാണെന്നായിരുന്നു വിവിധ സംഘടനകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെ കോടതി നടത്തിയ നിരീക്ഷണം.
പ്രബലമായ ഹിന്ദു വിഭാഗങ്ങളെ സ്വാധീനിക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടക സർക്കാർ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നായിരുന്നു സംവരണം എടുത്തു കളയാനുളള തീരുമാനത്തിനെതിരെ ഉയർന്ന പ്രധാന ആക്ഷേപം. വിവിധ മുസ്ലീം മത സംഘടനകളും വ്യക്തികളുമാണ് ഹർജി നൽകിയത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 13 ശതമാനത്തോളം വരുന്ന മുസ്്‌ലിംകളോട് വിവേചനം കാണിക്കുയാണെന്നും തുല്യതയുടെയും മതേതരത്വത്തിന്റെയും ഭരണഘടനാ തത്വങ്ങൾ സർക്കാർ ലംഘിച്ചുവെന്നും ഹർജിക്കാർ വാദിച്ചു. യാതൊരു പഠനവും നടത്താതെയാണ് സർക്കാർ തീരുമാനമെന്നും അവർ ചൂണ്ടിക്കാട്ടി.
വിവിധ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക നില പരിശോധിക്കാൻ നിയോഗിച്ച കമ്മീഷന്റെ ശുപാർശ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന വൊക്കലിഗകളും ലിംഗായത്തുകളും ഉയർന്ന സംവരണത്തിന് അർഹരാണെന്നും ഈ സമുദായങ്ങളുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം കൂടി കണക്കിലെടുത്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, ഹർജികളിൽ പ്രതികരണം രേഖപ്പെടുത്താൻ അനുവദിക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് എന്നായിരുന്നു വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങളിൽപ്പെട്ടവരുടെ വാദം.