ന്യൂദൽഹി- സ്വവർഗ വിവാഹത്തിന് നിയമപരിരക്ഷ അനുവദിക്കുന്ന കാര്യത്തിൽ സുപ്രീം കോടതിക്ക് എത്രത്തോളം ഇടപെടാൻ കഴിയുമെന്ന് പരാതിക്കാരോട് ആരാഞ്ഞ് ചീഫ് ജസ്റ്റീസ്. വിഷയം പാർലമെന്റിന്റെ അധികാരത്തിൽ വരുന്നതാണ്. വിവാഹം, വിഹാഹ മോചനം എന്നീ വിഷയങ്ങളിൽ പാർലമെന്റിന്റെ അധികാരം തള്ളിക്കളയാനാകില്ല. അതിനാൽ കോടതിക്ക് ഈ വിഷയത്തിൽ എത്രത്തോളം, ഏതൊക്കെ രീതിയിൽ ഇപെടാൻ കഴിയും എന്നതാണ് ചോദ്യമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ചൊവ്വാഴ്ച വാദത്തിനിടെ വ്യക്തമാക്കി.
ഈ വിഷയം പൂർണമായും പാർലമെന്റിന്റെ അധികാര പരിധിയിൽ വരുന്നതാണെന്ന് സർക്കാരിന് കോടതിയിൽ വാദിക്കാൻ കഴിയില്ലെന്ന് സ്വവർഗ വിവാഹത്തിന് നിയമപരിരക്ഷ ആവശ്യപ്പെട്ട ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷക മേനക ഗുരുസ്വാമി ചൂണ്ടിക്കാട്ടി. ഒരു സമൂഹത്തിന്റെ മൗലിക അവകാശം ലംഘിക്കപ്പെടുന്ന വിഷയമാണിത്. അതനുസരിച്ചു തന്നെയാണ് പരാതിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ നിയനിർമാണത്തിന് എതിരു നിൽക്കാമോ എന്നായിരുന്നു ഭരണഘടന ബെഞ്ചിലെ അംഗമമായ ജസ്റ്റീസ് സഞ്ജീവ് ഭട്ടിന്റെ ചോദ്യം. ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ തന്നെ ഭാഗമാണ് തങ്ങളുടെ ആവശ്യമെന്നും അതിനാൽ തന്നെ പാർലമെന്റിലേക്ക് വിരൽ ചൂണ്ടി ഭരണഘടന ഉറപ്പു നൽകുന്ന അവകാശത്തിൽ നിന്ന് അകറ്റി നിർത്താൻ കഴിയില്ലെന്നുമായിരുന്നു മേനക ഗുരുസ്വാമിയുടെ മറുപടി.
ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പരിഗണന വേണമെന്നതല്ല പരാതിക്കാരുടെ ആവശ്യം. സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ തങ്ങളുടെ വിവാഹ ബന്ധത്തെക്കൂടി ഉൾപ്പെടുത്തണം എന്നു മാത്രമാണ് അവർ ആവശ്യപ്പെടുന്നതെന്നും അഭിഭാഷക വ്യക്തമാക്കി. എന്നാൽ, സ്‌പെഷ്യൽ മാര്യേജ് ആക്ടും വ്യക്തിനിയമങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ജസ്റ്റീസ് സഞ്ജീവ് ഭട്ട് ചൂണ്ടിക്കാട്ടിയത്. സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ എന്തെങ്കിലും തന്നെ മാറ്റം വരുത്തിയാൽ അത് വ്യക്തിനിയമങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌പെഷ്യൽ മാര്യേജ് ആക്ട് മതനിരപേക്ഷം ആണെന്നു പറയുമ്പോൾ തന്നെ ഈ നിയമത്തിലെ തന്നെ 21(എ) വകുപ്പ് പറയുന്നതനുസരിച്ച് വിവാഹത്തിലെ മറ്റെല്ലാ വശങ്ങളും വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നതെന്ന് ചീഫ് ജസ്റ്റീസും ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ സ്പഷ്യൽ മാര്യേജ് ആക്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന എന്ന കാര്യം നിഷേധിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിക്കാർ ഈ വിഭാഗത്തിൽ പെട്ട എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞിരുന്നോ എന്നും ചിലർ ഇപ്പോൾ അവർ പിൻതുടരുന്ന ജീവിത രീതി അതേ രീതിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർ ആയിരിക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു.
തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടാൽ ആരൊക്കെ നിയമത്തിന്റെ ഭാഗമാകണം എന്നാവശ്യമുള്ളവർക്ക് അതിന്റെ ഭാഗമാകാം എന്നും താത്പര്യമില്ലാത്തവർക്ക് മാറി നിൽക്കാമെന്നുമായിരുന്നു മേനക ഗുരുരസ്വാമിയുടെ മറുപടി. സ്‌പെഷ്യൽ മാര്യേജ് ആക്ടിലെ 21 (എ) വകുപ്പ് ഇത്തരം തെരഞ്ഞെടുപ്പിന് അനുമതി നൽകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
എല്ലാ വ്യക്തികൾക്കും കുടുംബമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും അത് മൗലീക അവകാശമാണെന്നും കേസിൽ കക്ഷി ചേർന്നിരിക്കുന്ന ട്രാൻസ്‌ജെൻഡറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാാഷക ജയ കോത്താരിയും ചൂണ്ടിക്കാട്ടി. ലിംഗഭേദമോ ലൈംഗിക താത്പര്യമോ കണക്കിലെടുക്കാതെയോ ഇക്കാര്യം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിലവിൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് സ്ത്രീയെയും പുരുഷനേയും മാത്രമാണ് പരിഗണിക്കുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ വിവാഹം കഴിക്കാനും കുടുംബ ജീവിതം നയിക്കാനുമുള്ള അവകാശവും അവരുടെ ലിംഗപരമായ ഐഡന്റിറ്റിയും നിഷേധിക്കുകയാണെന്നും ജയ കോത്താരി വാദിച്ചു.