ചണ്ഡീഗഡ്- അഞ്ചു തവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്ന, അകാലിദൾ കുലപതിയുമായ പ്രകാശ് സിംഗ് ബാദലിന്റെ വേർപാടോടെ വിടവാങ്ങുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ. 95 വയസിൽ വിടവാങ്ങുമ്പോഴും കർമ്മരംഗത്ത് സജീവമായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ വരെ മത്സരിച്ചു. നാലുപതിറ്റാണ്ടിലേറെ നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ രണ്ടു വട്ടം മാത്രമാണ് ബാദൽ തോൽവി അറിഞ്ഞത്. അതിലൊന്ന് കഴിഞ്ഞ വർഷത്തേതായിരുന്നു. 1967-ലായിരുന്നു ആദ്യ തോൽവി. പിന്നീട് കഴിഞ്ഞ വർഷം വരെ വിജയം തുടർന്നു. പതിറ്റാണ്ടുകളായി തന്റെ ശക്തികേന്ദ്രമായ ലാംബിയിലായിരുന്നു ഏറ്റവും ഒടുവിലെ തോൽവി. മോഡി സർക്കാറിന്റെ കാർഷിക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്, 2015-ൽ തനിക്ക് ലഭിച്ച പത്മവിഭൂഷൺ പുരസ്‌കാരം പ്രകാശ് സിംഗ് ബാദൽ തിരികെ നൽകിയിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ മകനും പാർട്ടി അധ്യക്ഷനുമായ സുഖ്ബീർ സിംഗ് ബാദലിന്റെ പേഴ്‌സണൽ അസിസ്റ്റന്റാണ് മരണം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ബാദൽ അന്തരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് മുൻ മുഖ്യമന്ത്രിയെ മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1957ൽ തന്റെ മുപ്പതാമത്തെ വയസിലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. പഞ്ചാബിൽ മുഖ്യമന്ത്രിയായി സേവനം അനുഷ്ടിക്കുമ്പോൾ 43 വയസായിരുന്നു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ അദ്ദേഹം രണ്ട് തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് പരാജയപ്പെട്ടത്. ബാദലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചിച്ചു.