ന്യൂദൽഹി- ലൈഫ് മിഷൻ അഴിമതി കേസിൽ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം. ശിവശങ്കർ സുപ്രീം കോടതിയിൽ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ശിവശങ്കറിന്റെ അഭിഭാഷകൻ സുപ്രീം കോടതി രജിസ്ട്രാറെ സമീപിച്ചത്. ലൈഫ് മിഷൻ കേസിലെ അറസ്റ്റ്, രാഷ്ട്രീയ അടവിന്റെ ഭാഗമാണെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ജാമ്യഹർജിയിൽ ആരോപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷൻ കേസ് എന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മർദ്ദം ചെലുത്തിയിരുന്നു. ലൈഫ് മിഷൻ കേസ് ഇപ്പോഴത്തെ സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയ നേട്ടത്തിനാണെന്നും ഹർജിയിൽ ആരോപിച്ചു.