ന്യൂദൽഹി-ദൽഹി മദ്യനയക്കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ദൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതി ചേർത്തു. ഇന്നലെ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിതയുടെ മുൻ ഓഡിറ്റർ ബുച്ചി ബാബു, അർജുൻ പാണ്ഡെ, അമൻദീപ് ധാൽ എന്നിവരുടെ പേരുകളും ഉണ്ട്. കേസിലെ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് ഏജൻസി കൂടുതൽ അന്വേഷണം തുറന്നിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞയാഴ്ച ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ ഒമ്പത് മണിക്കൂറോളം സാക്ഷിയായി വിസ്തരിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കൂടിയായ ബി.ആർ.എസ് നേതാവ് കവിതയെയും കേസിൽ ചോദ്യം ചെയ്തിരുന്നു. ഫെബ്രുവരി 26-നാണ് സിസോദിയയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ പത്തുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ സിസോദിയ ഒഴികെ എല്ലാവരും ജാമ്യത്തിലാണ്. അതേസമയം, ദേശീയ പാർട്ടിയായ ആം ആദ്മിയെ ലക്ഷ്യമിട്ടാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. സിസോദിയയുടെ അറസ്റ്റ് ദൽഹി മോഡൽ ഭരണത്തിന് നേരെയുള്ള ആക്രമണമാണ്. ബി.ജെ.പിക്ക് സിസോദിയയുടെ വീട്ടിൽ നിന്നോ ബാങ്ക് അക്കൗണ്ടിൽ നിന്നോ ഒന്നും ലഭിച്ചിട്ടില്ല. അദ്ദേഹത്തിനെതിരായ ഒരു ആരോപണവും തെളിയിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും ആം ആദ്മി വ്യക്തമാക്കി.