Sorry, you need to enable JavaScript to visit this website.

കോച്ച് ഫാക്ടറി: പ്രധാനമന്ത്രി മോഡി ഇടപെടണമെന്ന് പിണറായി വിജയന്‍

ന്യൂദല്‍ഹി- കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍  പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞതിനെതിരേ  റെയില്‍വേ മന്ത്രാലയത്തിനു മുന്നില്‍ ഇടത് എം.പിമാരും നേതാക്കളും നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പിമാരായ പി. കരുണാകരന്‍, പി.കെ ശ്രീമതി, മുഹമ്മദ് സലീം, എം.ബി രാജേഷ്, എ.സമ്പത്ത്, കെ.കെ രാഗേഷ്, സി.പി നാരായണന്‍. കെ സോമപ്രസാദ്, ജോയ്‌സ് ജോര്‍ജ് എന്നിവരും നേതാക്കളായ എ. വിജയരാഘവന്‍, എളമരം കരീം എന്നിവരും ധര്‍ണയില്‍ പങ്കെടുത്തു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ നിലവിലെ സമീപനം തുടരുകയാണെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കേരളത്തിന് നീങ്ങേണ്ടിവരുമെന്ന്  മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇനി ശേഷിക്കുന്ന സമയത്തിനുള്ളില്‍ ശരിയായ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും തയാറാവണം. പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടണം. നീതി ആയോഗ്് യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചിരുന്നുവെന്നും പിണറായി പറഞ്ഞു.
 യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ച ചിറ്റമ്മ നയം തന്നെയാണ് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാരും സ്വീകരിക്കുന്നത്. പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഹരിയാനയില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പുതുതായി കോച്ച് ഫാക്ടറി തുടങ്ങാന്‍ സ്ഥലം നല്‍കാന്‍ തയ്യാറാണോയെന്ന് അന്വേഷിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചതായും പിണറായി ആരോപിച്ചു.
നാടിനോടും ജനങ്ങളോടും ശത്രുതാപരമായ നിലപാടാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് ചേരാത്ത സമീപനമല്ലേ. ജനാധിപത്യ രീതി അംഗീകരിക്കാത്ത നിലയല്ലേ ഇക്കാര്യത്തിലുള്ളതെന്നും ഒരു നാടിനെ ശത്രുവായി കാണാന്‍ പാടുണ്ടോയെന്നും പിണറായി ചോദിച്ചു.  പാലക്കാടിന്റെയോ കേരളത്തിന്റെയോ മാത്രമായ പ്രശ്‌നമല്ലെന്നും രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ഉദാഹരണമാണെന്നും പിണറായി പറഞ്ഞു.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പാലക്കാട്ട് നടത്തിയ പൊതുയോഗത്തിലാണ് കോച്ച് ഫാക്ടറി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് പല സര്‍ക്കാരുകള്‍ മാറി വന്നപ്പോഴും സംസ്ഥാനത്ത് നിന്ന് നിരന്തര ആവശ്യമുയര്‍ന്നിട്ടും നടപടിയുണ്ടായില്ല. 2004 ല്‍ ഇടതു പിന്തുണയോടെ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതിക്ക് ജീവന്‍ വെക്കുകയും 2008 ലെ ബജറ്റില്‍ പാലക്കാട്ടും റായ്ബലേറിയിലും കോച്ച് ഫാക്ടറി തുടങ്ങാന്‍ തുക അനുവദിക്കുകയും ചെയ്തു. എന്നാല്‍, സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബലേറിയിലെ കോച്ച് ഫാക്ടറി അതിവേഗതയില്‍ തന്നെ സ്ഥാപിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നടത്തിയ യു.പി.എ സര്‍ക്കാര്‍ പാലക്കാടിനോട് മുഖം തിരിച്ചു. ഇതേ പാത തന്നെയാണ് ബിജെപി സര്‍ക്കാറും പിന്തുടരുന്നതെന്ന് പിണറായി ആരോപിച്ചു. സംസ്ഥാന സര്‍ക്കാരും പാലക്കാട് എം.പിയും വിവിധ ഏജന്‍സികളെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കാന്‍ നീക്കം നടത്തിയെങ്കിലും റെയില്‍ മന്ത്രാലയം നിസ്സംഗ നിലപാട് തുടര്‍ന്നു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 236 ഏക്കര്‍ സ്ഥലം നോക്കുകുത്തിയായെന്നും പിണറായി പറഞ്ഞു.

 

Latest News