കണ്ണൂർ-ബോംബ് നിർമ്മാണത്തിന്റെയും ഇവ റോഡിൽ എറിഞ്ഞു പൊട്ടിക്കുന്നതിന്റെയും ദൃശ്യം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. സംഘത്തിലെ മറ്റ് മൂന്നു പേരെ പോലീസ് തെരയുന്നു. മുഴപ്പിലങ്ങാട് വിവേകാനന്ദ ഭജന വളപ്പിൽ ധനുഷിനെ (18)ആണ് കണ്ണൂർ എ.സി.പി. ടി.കെ രത്നകുമാറിന്റെ നിർദേശ പ്രകാരം എടക്കാട് എസ്.ഐ, എൻ.ദിജേഷ് കസ്റ്റഡിയിലെടുത്തത്. സി.ഐ എം.കെ ബിജുവിന്റെ നേതൃത്വത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞദിവസമാണ് മുഴപ്പിലങ്ങാട് വിവേകാനന്ദ നഗറിന് സമീപം വെച്ച് ധനുഷും മറ്റ് മൂന്നുപേരും ചേർന്ന് ബോംബ് നിർമ്മിച്ചത്. വെടിമരുന്നും കരിങ്കൽ ചീളുകളും ചേർത്ത് ബോംബ് നിർമ്മിക്കുന്ന ദൃശ്യം ഇവർ മൊബൈൽ ഫോണിൽ പകർത്തി. അതിനു ശേഷം വിവേകാനന്ദ നഗറിലെ ജനങ്ങൾ ഏറെ താമസിക്കുന്ന സ്ഥലത്തെ റോഡിൽ ബോംബ് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യവും മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിറകിൽ പ്രവർത്തിച്ചവരെക്കുറിച്ച് സൂചന ലഭിച്ചത്. ധനുഷിന്റെ കൂടെയുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർ അശ്വിൻ, വിഷ്ണു എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. മൂന്നാമ നെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
നേരത്തെ ബോംബ് നിർമ്മിക്കുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇത് നോക്കിയാണ് ഇവർ ബോംബ് നിർമ്മാണം പഠിച്ചത്. കതിരൂരിൽ നിന്നാണ് നിർമ്മാണത്തിന് ആവശ്യമായ സ്ഫോടക വസ്തുക്കൾ വാങ്ങിച്ചതെന്ന് സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. സമീപകാലത്തായി കണ്ണൂർ ജില്ലയിൽ നിർമ്മാണം വർധിച്ചു വരുന്നതായി പോലീസിന് വിവരമുണ്ട്. നിർമ്മാണത്തിനിട യിൽ ബോംബ് പൊട്ടിത്തെറിച്ച് ഒന്നിലധികം പേർക്ക് മാരകമായി പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ബോംബ് നിർമ്മാണം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.