ബംഗളൂരു- പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ കേരള യാത്ര മുടക്കാൻ പുതിയ നീക്കവുമായി കർണാടക പോലീസ്. മഅ്ദനിക്ക് അകമ്പടി പോകാൻ 60 ലക്ഷം രൂപ കർണാടക പോലീസ് ചുമത്തി. 20 പൊലിസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് കർണാടക പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും.
താമസിക്കുന്ന സ്ഥലം, കാണാൻ വരുന്നവരുടെ ആധാർ കാർഡ്, അൻവാർശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി രേഖകളാണ് പോലീസ് ആവശ്യപ്പെട്ടത്. ആശുപത്രിയിൽ പോകാൻ പറ്റില്ല, റോഡ് മാർഗം മാത്രമേ കേരളത്തിലേക്ക് പോവാൻ പറ്റൂ തുടങ്ങിയ നിബന്ധനകളും പോലീസ് പറഞ്ഞതായി മഅ്ദനി പറഞ്ഞു.
ഒരാഴ്ചക്ക് ശേഷമാണ് അകമ്പടി അപേക്ഷയിൽ പൊലീസ് മറുപടി നൽകിയിരിക്കുന്നത്. അതേസമയം വൻ തുക അടച്ച് കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടിലാണ് മഅ്ദനി. തുടർനീക്കം സുപ്രിംകോടതി അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കും.