തിരുവനന്തപുരം-ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (നിര്‍മിതബുദ്ധി) ക്യാമറകളുടെ ട്രയല്‍റണ്‍ തുടങ്ങിയപ്പോഴേ നിരത്തുകളില്‍ നിയമലംഘനങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍വാഹനവകുപ്പ്. പട്രോളിങ്ങിനിറങ്ങുന്ന മോട്ടോര്‍വാഹനവകുപ്പ് സ്പെഷ്യല്‍ സ്ക്വാഡുകള്‍ക്ക് കേസില്ലാത്ത അവസ്ഥയാണിപ്പോള്‍. നാടിന്റ നാനാഭാഗത്തും വെച്ചിരിക്കുന്ന ക്യാമറകളെ പേടിച്ച് നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ബഹുഭൂരിപക്ഷം പേരും റോഡുകളിലേക്ക് വാഹനങ്ങളില്‍ ഇറങ്ങുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതിനാല്‍ എം.വി.ഡി. സ്ക്വാഡുകള്‍ എടുക്കുന്ന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ക്യാമറകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പിഴകളെക്കുറിച്ചും വലിയ പ്രചാരണമാണു നടന്നത്. ഇതുസംബന്ധിച്ച് വാഹന ഉടമകള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. കൂടാതെ, വലിയ പിഴയാണ് നിയമലംഘനങ്ങള്‍ക്കു ചുമത്തുന്നത്. പിഴയില്‍നിന്ന് ഒരുതരത്തിലും രക്ഷപ്പെടാന്‍ സാധിക്കുകയില്ല. എല്ലാവരും പിഴപ്പേടിയില്‍ റോഡുനിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
എം.വി.ഡി. സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്ക് ഒരുദിവസം നിശ്ചിത കേസുകള്‍ എടുക്കുന്നതിന് ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, അതു തികയ്ക്കാന്‍സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. പ്രധാനറോഡുകളില്‍ നിയമലംഘനം കണ്ടെത്താന്‍ പരിശോധനയില്‍ സാധിക്കുന്നില്ല. പ്രധാന റോഡുകളിലാണ് പ്രധാനമായും എ.ഐ. ക്യാമറകള്‍ വെച്ചിരിക്കുന്നത്. അതിനാല്‍ ഇനി ഇടറോഡുകളിലേക്കിറങ്ങി പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുയാണ് ഉദ്യോഗസ്ഥര്‍.